Sorry, you need to enable JavaScript to visit this website.

പതിനേഴാമത് അണ്ടർ-17 ലോകകപ്പിന് ഇന്ന് കിക്കോഫ്

ന്യൂദൽഹി - 'ഉറങ്ങുന്ന ഭൂത'മെന്നാണ് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഇന്ത്യൻ ഫുട്‌ബോളിനെ വിശേഷിപ്പിച്ചത്. ലോകകപ്പിന്റെ ആതിഥേയരെ പ്രകോപിപ്പിക്കേണ്ടെന്നു കരുതിയാവണം, 'ആവേശഭരിതരായ ഭൂതങ്ങൾ' എന്ന് ഇപ്പോൾ ഫിഫ വിശേഷണം മാറ്റിയിട്ടുണ്ട്. അണ്ടർ-17 ലോകകപ്പിന് ഇന്ന് പന്തുരുളവേ രാജ്യം പൂർണമായി ഉറക്കത്തിൽനിന്ന് ഉണർന്നിട്ടില്ല. 17 കടന്നിട്ടില്ലാത്ത 11 മക്കൾ ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായി ഇന്ന് ഇന്ത്യൻ കുപ്പായമിടുമ്പോൾ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ഇതൊരു കാൽവെപ്പാണ്. ഇന്ത്യൻ ഫുട്‌ബോളിന് ലോകകപ്പുകളുടെ വലിയ ലോകത്തേക്കുള്ള ആദ്യ ചുവടും. 
ചരിത്രത്തിലാദ്യമായാണ് ഒരു ഫിഫ ടൂർണമെന്റിന് ഇന്ത്യ വേദിയൊരുക്കുന്നത്. ഇനിയുള്ള 22 ദിനങ്ങളിൽ രാജ്യത്തെ ആറ് വേദികളിൽ രാജ്യാന്തര ഫുട്‌ബോളിന്റെ മായാലോകമാണ് തുറക്കുക. ഈ ടൂർണമെന്റിന്റെ താരമാവുമെന്നു കരുതപ്പെട്ട ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്റെ അസാന്നിധ്യം നിരാശയായിട്ടുണ്ടാവാം. അടുത്ത സീസണിൽ റയൽ മഡ്രീഡിന്റെ കുപ്പായമിടേണ്ട ബ്രസീലുകാരനെ ഇപ്പോഴത്തെ ക്ലബ് ഫ്‌ളാമംഗൊ വിട്ടുകൊടുത്തിട്ടില്ല. കോപ ലിബർട്ടഡോറസ് ടൂർണമെന്റിൽ ക്രുസേരിയോയെ തോൽപിച്ച ശേഷം വിനീഷ്യസിനെ ഇന്ത്യയിലേക്കയക്കാമെന്നായിരുന്നു ധാരണ. ക്രുസേരിയോയോട് തോറ്റതോടെ ഫ്‌ളാമംഗൊ നിലപാട് മാറ്റി. വിനീഷ്യസ് ഇല്ലെങ്കിലും ലോകത്തിലെ മുൻനിര ക്ലബ്ബുകളുടെ കുപ്പായമിടുന്ന നിരവധി കളിക്കാർ പല ടീമുകളിലായുണ്ട്. ഇംഗ്ലണ്ട് വിംഗർ ജെയ്ദൻ സാഞ്ചൊ (ബൊറൂഷ്യ ഡോർട്മുണ്ട്), അമേരിക്കൻ സ്‌ട്രൈക്കർ ജോഷ് സാർജന്റ് (ഉടൻ വെർദർ ബ്രേമനിലേക്ക്), സ്‌പെയിൻ സ്‌ട്രൈക്കർ ആബേൽ റൂയിസ് (ബാഴ്‌സലോണ ബി), സ്‌പെയിനിന്റെ തന്നെ ഫെരാൻ ടോറസ് (വലൻസിയ), ജർമൻ ക്യാപ്റ്റൻ യാൻ ഫീറ്റ് ആർപ് (ഹാംബർഗ്) എന്നിവരൊക്കെ ഈ ഇളംപ്രായത്തിൽ തന്നെ ക്ലബ് ഫുട്‌ബോളിന്റെ അത്യുന്നതങ്ങളിൽ ചൂടും ചൂരുമറിഞ്ഞവരാണ്. കഴിഞ്ഞ സീസണിൽ വെയ്ൻ റൂണിക്കു പകരമായി ക്രിസ്റ്റൽ പാലസിനെതിരെ ബൂട്ട് കെട്ടിയ കളിക്കാരനാണ് ഇംഗ്ലണ്ടിന്റെ എയ്ഞ്ചൽ ഗോമസ്. പ്രീമിയർ ലീഗ് കളിക്കുന്ന ഈ നൂറ്റാണ്ടിൽ പിറന്ന ആദ്യ കളിക്കാരൻ.
അവർക്കൊപ്പം ഇന്ത്യയുടെ 21 മക്കൾ, ലോകകപ്പുകളുടെ വലിയ ലോകത്ത് ഇന്ത്യൻ പതാകയേന്താനുള്ള ആദ്യ ഭാഗ്യം ഈ ഇളം ചുമലുകളിലാണ്. ഐ.എം. വിജയൻ, ബൈചുംഗ് ബൂട്ടിയ, വിക്ടർ മഞ്ഞില, സുനിൽ ഛേത്രി...ലോകോത്തര കളിക്കാരോട് ചുമൽ ചേർന്നുനിൽക്കാൻ സാധിക്കേണ്ടവരായിരുന്നു ഇവരൊക്കെ. അവർക്കതിന് അവസരം വന്നില്ല. അമർജിത് സിംഗ് കിയാമും കോമൽ താറ്റലും അനികേത് ജാദവും വിജയനെപ്പോലെ തൃശൂർകാരനായ രാഹുൽ പ്രവീണുമൊക്കെയാണ് പകരം ലോകകപ്പുകളുടെ വലിയ ഭൂമികയിൽ ഇന്ത്യയുടെ പേരെഴുതിച്ചേർക്കുന്നത്. നൂറു കോടി ജനങ്ങളുടെ കാൽപന്ത് സ്വപ്നങ്ങളാണ് ഈ കുട്ടികൾ നെഞ്ചിലേറ്റുന്നത്. വായിൽ വെള്ളിക്കരണ്ടിയും കൈയിലൊരു ബാറ്റുമായി പിറന്നുവീണവരല്ല ഇവരിൽ മഹാഭൂരിഭാഗവും. ഉള്ളിൽ പൊരിയുന്ന വിശപ്പും കാലിലൊരു പന്തുമായി നടന്നുവന്നവരാണ്. 
504 കളിക്കാരാണ് പ്രൊഫഷനൽ ഫുട്‌ബോളിലേക്കുള്ള വലിയ യാത്രക്ക് ഇന്ത്യയിൽ തുടക്കമിടുന്നത്. അവരുട പേരുകൾ മറന്നു പോവരുത്. നെയ്മാർ ജൂനിയറും റൊണാൾഡിഞ്ഞോയും ജിയാൻലൂജി ബുഫോണും ലൂയിസ് ഫിഗോയും ആന്ദ്രെസ് ഇനിയെസ്റ്റയും ഷാവിയും ഇകർ കസിയാസുമൊക്കെ കളി തുടങ്ങിയത് ഇങ്ങനെയായിരുന്നു. 
അടിസ്ഥാന സൗകര്യങ്ങൾ, യൂത്ത് ഡെവലപ്‌മെന്റ് പദ്ധതികൾ, ഉന്നത നിലവാരമുള്ള അക്കാദമികൾ.. ഇന്ത്യൻ ഫുട്‌ബോളിന് ഇതൊക്കെ സ്വപ്നം മാത്രമായിരുന്നു, മേഖലാ തലത്തിൽ പോലും ഇന്ത്യ വലിയ ശക്തികളല്ല. ഇന്ത്യയെ അമ്പതുകളിലെയും അറുപതുകളിലെയും സുവർണ യുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ഈ ടൂർണമെന്റിന് സാധിക്കുമോ? അണ്ടർ-17 ലോകകപ്പിന്റെ വിജയം ആ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരിക്കും. 2019 ലെ അണ്ടർ-20 ലോകകപ്പ് വേദിക്കായി ഇന്ത്യ ശ്രമിക്കുന്നുണ്ട്. വിദൂര ഭാവിയിലെങ്കിലും സീനിയർ ലോകകപ്പിൽ ഒരു സ്ഥാനം... ഈ കുട്ടികൾ മുന്നോട്ടു വെക്കുന്ന കാല് ചെന്നെത്തേണ്ടത് അവിടെയാണ്. 
കൊച്ചിയുൾപ്പെടെ ആറ് വേദികളിലായി 52 മത്സരങ്ങളാണ് ലോകകപ്പിൽ. ലോകവ്യാപകമായി 20 കോടിയോളം പേർ ടൂർണമെന്റ് വീക്ഷിക്കും. ഫുട്‌ബോളിന്റെ വികസനം പുതിയ തീരങ്ങളിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 2013 ൽ ഫിഫ ഇന്ത്യക്ക് ഈ ടൂർണമെന്റ് അനുവദിച്ചത്. 
ലോകത്തേറ്റവും യുവജനങ്ങളുള്ള രാജ്യം പ്രായം കുറഞ്ഞവരുടെ ലോകകപ്പ് നടത്തുകയാണ്. കളിയുടെ കണക്കിൽ ഇന്ത്യൻ ടീം ചിത്രത്തിലൊന്നുമില്ല. പൊരുതുക, ഗോൾ വഴങ്ങാതിരിക്കുക അതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കോച്ച് ലൂയിസ് മോർടൺ ഡി മാറ്റോസ് പ്രഖ്യാപിച്ചിട്ടുണ്ട്. 
യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിൻ, റണ്ണേഴ്‌സ്അപ് ഇംഗ്ലണ്ട്, കോൺകകാഫ് ചാമ്പ്യന്മാരായ മെക്‌സിക്കൊ, പതിവുപോലെ ബ്രസീൽ എന്നീ ടീമുകൾക്കാണ് കിരീട സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ ആഫ്രിക്കൻ ടീമുകൾ ഈ ടൂർണമെന്റിൽ എന്നും കരുത്തു കാട്ടിയിട്ടുണ്ട്. ഘാനയിലാണ് ആഫ്രിക്കയുടെ പ്രതീക്ഷ. ജർമനി, അമേരിക്ക ടീമുകളും ശക്തമാണ്. ആഫ്രിക്കൻ ചാമ്പ്യന്മാരായ മാലി, പ്രതിഭാധനരായ കൊളംബിയ ടീമുകൾ കറുത്ത കുതിരകളായേക്കും.  

ആദ്യ ദിനം നാലു കളികൾ
ന്യൂദൽഹി - 120 കോടി രൂപ ചെലവിട്ട് ഇന്ത്യ വിരുന്നൊരുക്കുന്ന അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിൽ ആദ്യ ദിനം നാലു കളികൾ. 2010 ലെ കോമൺ വെൽത്ത് ഗെയിംസ് ഇന്ത്യക്ക് നാണക്കേടായപ്പോൾ ഇത്തവണ വേദികൾ വളരെ നേരത്തെ ഒരുങ്ങി. ഫിഫയുടെ കടുംപിടിത്തമാണ് ഇത് സാധ്യമാക്കിയത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതോടെ ഇനി എല്ലാ കണ്ണുകളും കളിക്കളത്തിലാണ്. ഇന്ത്യൻ ടീം ഉദ്ഘാടന ദിനത്തിലെ രണ്ടാമത്തെ മത്സരത്തിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യൻ ടീം കളത്തിലേക്ക് കാലെടുത്തു വെക്കുന്നതു തന്നെ ചരിത്രം സൃഷ്ടിച്ചാണ്. മുമ്പൊരു ഇന്ത്യൻ ടീമും ഒരു തലത്തിലും ലോകകപ്പ് കളിച്ചിട്ടില്ല. 1995 ലെ ലോക ഫുട്‌ബോളർ ഓഫ് ദ ഇയർ ലൈബീരിയയുടെ ജോർജ് വിയയുടെ പുത്രൻ ടിം വിയ അടങ്ങുന്ന അമേരിക്കൻ ടീം ശക്തമാണ്. കൊളംബിയ-ഘാന പോരാട്ടത്തോടെയാണ് ഗ്രൂപ്പ് എ സജീവമാവുക. ഇന്ത്യൻ ടീം തിങ്കളാഴ്ച ഘാനയെയും വ്യാഴാഴ്ച കൊളംബിയയെയും നേരിടും. 
ഗ്രൂപ്പിലെ മറ്റു ടീമുകളെല്ലാം കഴിവി ലും കരുത്തിലും ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. അതുകൊണ്ടു തന്നെ ഈ വലിയ നിമിഷങ്ങൾ ആസ്വദിച്ചു കളിക്കാനാണ് കോച്ച് നൽകുന്ന നിർദേശം. 1999 ൽ സെമി കളിച്ച ടീമാണ് അമേരിക്ക. തൊണ്ണൂറുകളിൽ നാലു തവണ ഫൈനൽ കളിച്ച ടീമാണ് ഘാന. എന്നാൽ പത്തു വർഷത്തിനു ശേഷമാണ് ലോകകപ്പിൽ തിരിച്ചെത്തുന്നത്. നല്ല ആക്രമണ ശേഷിയുള്ള ടീമാണ് കൊളംബിയ സാന്റിയാഗൊ ബരേരോയും യുവാൻ പീനലോസയും യാമിൻടൺ കംപാസുമാണ് ആക്രമണം നയിക്കുക. 
ഗ്രൂപ്പ് ബി-യിൽ മാലിയെയാണ് ശ്ര ദ്ധിക്കേണ്ടത്. കഴിഞ്ഞ രണ്ടു തവണ ആ ഫ്രിക്കൻ ചാമ്പ്യന്മാരാണ് അവർ. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലെത്തി. 
ന്യൂസിലാന്റ് ലോക ഫുട്‌ബോളിൽ വലിയ ശക്തികളല്ലെങ്കിലും ജൂനിയർ തലത്തിൽ സ്ഥിരം സാന്നിധ്യമാണ്. എട്ടാം തവണയാണ് ലോകകപ്പ് കളിക്കുന്നത്. രണ്ടു പരിശീലന മത്സരങ്ങളും തോറ്റാണ് അവർ തുർക്കിക്കെതിരായ ആദ്യ കളിക്കൊരുങ്ങിയത്. ബ്രസീലിനോട് 1-2 നും ഇംഗ്ലണ്ടിനോട് 2-3 നും. കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലാന്റ് നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു. ബ്രസീലിനോട് തോറ്റാണ് പുറത്തായത്. തുർക്കി 2015 ലെ ലോകകപ്പിൽ സെമിയിലെത്തിയിരുന്നു. തോറ്റത് ബ്രസീലിനോട് തന്നെ. 2009 ൽ ക്വാർട്ടറിൽ കൊളംബിയയോട് ഷൂട്ടൗട്ടിൽ മുട്ടുമടക്കി. 

ഇന്ത്യയുടെ കളിക്ക് മോഡി എത്തും
ന്യൂദൽഹി - അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ കളി കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂദൽഹി ജവാഹർലാ ൽ നെഹ്‌റു സ്റ്റേഡിയത്തിലെത്തും. ഫിഫ ജനറൽ സെക്രട്ടറി ഫാത്മ സമൂറ, ഫിഫ ടൂർണമെന്റ്‌സ് മേധാവി ജെയിം യാർസ തുടങ്ങിയവരും ഗാലറിയിലുണ്ടാവും. 
ഐ.എം. വിജയൻ, ബൈചുംഗ് ബൂട്ടിയ തുടങ്ങി നിരവധി മുൻകാല ഇന്ത്യൻ താരങ്ങളും നിലവിലെ സീനിയർ ടീം ക്യാ പ്റ്റൻ സുനിൽ ഛേത്രിയും കളി കാണാനെത്തും. അറുപതിനായിരം പേർക്കിരിക്കാവുന്നതാണ് ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറി. 
 

Latest News