Sorry, you need to enable JavaScript to visit this website.

പൊതുസ്വത്തുക്കളും അഴിമതിലോകവും വിശ്വാസികളും

സ്വർണ്ണക്കടത്തുകളെ കുറിച്ചുള്ള വർണ്ണം പിടിപ്പിച്ചുള്ള വാർത്തകൾ അലയടിച്ചുകൊണ്ടിരിക്കുകയാണ്.  അതിൽ അകപ്പെട്ടിട്ടുള്ള 'രാഷ്ട്രീയ'മാണ് വാർത്താമാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും താല്പര്യപൂർവം ചർച്ച ചെയ്യുന്നതും സംവാദങ്ങൾക്ക് വിധേയമാക്കുന്നതും. സംഭവത്തിന്റെ കേന്ദ്രബിന്ദു ഒരു യുവതിയാണെന്ന കാരണത്താൽ അതിലേക്ക് ചില ചേരുവകൾ ചേർത്ത് ഹരം പിടിപ്പിക്കുന്നതിൽ മറ്റുചിലർക്കും താല്പര്യം കാണും. ഇത്തരം അത്യുക്തികളെയും  വലിച്ചുനീട്ടലുകളെയും മാറ്റിനിർത്തി ചർച്ചകളെയും അപഗ്രഥനങ്ങളെയും ശരിയായ ദിശയിലേക്ക് കൊണ്ടുപോയെങ്കിൽ മാത്രമേ പൊതുസമൂഹത്തിന് അതിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിക്കൂ. പൊതുസ്വത്തുക്കളോടും പൊതുവിൽ സമ്പത്തിനോടുമുള്ള മനുഷ്യന്റെ സമീപനമാണ് ഇവിടെ യഥാർത്ഥത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് എന്നു വിലയിരുത്തി അതിനാവശ്യമായ തിരുത്തൽ നടപടികളെക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. സംഭവങ്ങളെ ആഘോഷിക്കുന്നതിലല്ല, മറിച്ച് അതിനെ സമൂഹത്തിന്റെ ഗുണീകരണപ്രക്രിയകളിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തകളാണ് സമൂഹത്തിനു ആവശ്യമായിട്ടുള്ളത്.

മരണം വരേക്കുള്ള ജീവിതത്തിനാവശ്യമായ വിഭവങ്ങൾ മാത്രമാണ് മനുഷ്യന് വേണ്ടത്.  അതിനപ്പുറം സമ്പാദിക്കുന്നത് തെറ്റല്ല. എന്നാൽ അതിനപ്പുറവും ലഭിച്ചെങ്കിൽ മാത്രമേ ജീവിതം സാർത്ഥകമാവൂ എന്ന ചിന്ത തെറ്റാണ്. അപ്പോഴാണ് അത്യാഗ്രഹങ്ങൾ മനസ്സിനെ കീഴടക്കുക. അപ്പോൾ കിട്ടുന്നതൊന്നും മതിയാവാതെ വരും. എത്ര കിട്ടിയാലും തൃപ്തിവരാതെ മനസ്സ് അസ്വസ്ഥമാകും. പൂന്താനത്തിന്റെ 'ജ്ഞാനപ്പാന'യിലൂടെ മലയാളികൾക്ക് സുപരിചിതമായ വരികൾ എത്ര ചിന്തനീയം!

'അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും.
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്ചര്യമെന്നതും.
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്ക്കുമേൽ'

വിശുദ്ധ ഖുർആൻ ഈ ആശയങ്ങൾ മനുഷ്യന് മുമ്പിൽ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ അവതരിപ്പിച്ചു.  'ധനം ശേഖരിക്കുകയും അത് എണ്ണിനോക്കുകയും ചെയ്യുന്ന, കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം. അവന്റെ ധനം അവന് ശാശ്വത ജീവിതം നൽകിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു. നിസ്സംശയം, അവൻ ജ്വലിക്കുന്ന അഗ്‌നിയിൽ എറിയപ്പെടുക തന്നെ ചെയ്യും(ഖുർആൻ 104:14).  'ധനത്തെ നിങ്ങൾ അമിതമായ തോതിൽ സ്‌നേഹിക്കുകയും ചെയ്യുന്നു.' (89:20).  ധനം സമ്പാദിച്ച് പരസ്പരം പെരുമ നടിക്കുന്നതിനെ ആക്ഷേപിച്ചുകൊണ്ടാണ് ഖുർആനിലെ 102ാം വചനം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.  ഇതെല്ലാം ഖബർ വരെയല്ലേയുള്ളൂ എന്നും ഖുർആൻ ചോദിക്കുന്നു. മനുഷ്യന്റെ ധനത്തോടുള്ള ത്വര വർദ്ധിക്കുംതോറും മനസ്സിൽ അസമാധാനം കൂടുകെട്ടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. മോഹങ്ങൾക്ക് കടിഞ്ഞാണിടാനാണ് പ്രവാചകൻ (സ) നിർദ്ദേശിച്ചത്.  നേരം പുലർന്നാൽ വൈകുന്നേരം പ്രതീക്ഷിക്കാൻ സാധിക്കാത്ത വിധം ഒരു യാത്രക്കാരനെപ്പോലെയോ അപരിചിതനെപ്പോലെയോ ജീവിക്കാൻ അദ്ദേഹം ഉപദേശിച്ചു.  'അല്ലാഹുവെ മുഹമ്മദിന്റെ കുടുംബത്തിന്റെ ഉപജീവനം അന്നന്നേക്കുള്ളതാക്കി മിതമാക്കി വെക്കണേ' (അല്ലാഹുമ്മജ്അൽ രിസ്ഖ ആലിമുഹമ്മദിൻ ഖൂത്താ) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന. അമിതമായി ധാരാളം സമ്പത്തുണ്ടാവണമെന്നു അദ്ദേഹം ആഗ്രഹിച്ചില്ല.  അദ്ദേഹത്തിന്റെ അനുചരന്മാരും അങ്ങനെതന്നെ ജീവിച്ചു. ധനാഢ്യന്മാരായിരുന്ന അനുചരന്മാരിൽ ചിലർ മിച്ചം വരുന്നത് ധർമ്മം ചെയ്തുകൊണ്ട് അമിതത്വങ്ങളില്ലാതെ ലളിതജീവിതം നയിച്ചു. എന്നാൽ നിത്യച്ചെലവുകൾ കഴിഞ്ഞും മിച്ചം നൽകിക്കൊണ്ട് അല്ലാഹു ചിലർക്ക് അനുഗ്രഹങ്ങൾ നൽകാറുണ്ട്.  അതൊരു പരീക്ഷണമാണെന്നാണ് ഖുർആനിന്റെ കാഴ്ചപ്പാട്. സന്മാർഗ്ഗത്തിൽ ചിലവിട്ടും ദുർമാർഗ്ഗങ്ങളോട് അടുക്കാതെയും അല്ലാഹു നൽകിയ സമ്പാദ്യങ്ങളോട് അയാൾ ആദരവ് കാണിക്കുന്നുണ്ടോ എന്ന പരീക്ഷണം മാത്രമാണത്. വ്യക്തിജീവിതത്തിൽ ഖുർആനും പ്രവാചകനും വരച്ചുകാണിച്ച ജീവിതക്രമം പാലിക്കുവാൻ പരിശ്രമിക്കുന്നതിലൂടെ മാത്രമേ പണത്തിനു വേണ്ടി മനുഷ്യൻ കാണിക്കുന്ന അതിക്രമങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളൂ.

എത്ര ലഭിച്ചാലും തൃപ്തി ലഭിക്കാത്ത അവസ്ഥ ദൈവബോധം കുറയുമ്പോൾ ഉണ്ടാവുന്നതാണ്.  എന്നാൽ ഒന്നും ലഭിച്ചില്ലെങ്കിൽ പോലും സന്തോഷവാനായി ജീവിക്കാൻ സാധിക്കുന്നത് ദൈവഭയത്തോടൊപ്പം എനിക്കെന്റെ നാഥനുണ്ട് എന്ന 'തവക്കുൽ' ബോധം സദാ സൂക്ഷിക്കുന്നതുകൊണ്ടാണ്. പ്രവാചകൻ പറഞ്ഞു: 'സകലതും ദൈവത്തിൽ സമർപ്പിക്കുകയും ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും അല്ലാഹു നൽകിയതിൽ തൃപ്തിപ്പെടുകയും  ചെയ്തയാൾ വിജയിച്ചിരിക്കുന്നു.' (മുസ്‌ലിം). പ്രവാചകൻ വീണ്ടും പറഞ്ഞു: 'ജീവിതത്തിന്റെ പൊലിമയിൽ മതിമറക്കാതിരിക്കുക; എങ്കിൽ അല്ലാഹുവിന്റെ തൃപ്തി നേടാം.  ജനങ്ങളുടെ കൈകളിലുള്ളത് മോഹിക്കാതിരിക്കുക; എങ്കിൽ ജനങ്ങളുടെ തൃപ്തി നേടാം.' (ഇബ്‌നുമാജ).  ജീവിതവിജയം സ്വായത്തമാക്കാൻ ഈ പ്രവാചകവചനങ്ങൾ പര്യാപ്തമാണ്.    എന്നാൽ മോഹത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം മനുഷ്യൻ അക്ഷമനാകുമ്പോൾ വഴിവിട്ട മാർഗ്ഗങ്ങളിലേക്ക് വഴുതിപ്പോകും. മനുഷ്യന്റെ ഈ സ്വഭാവമാണ് ഖുർആൻ ഇങ്ങനെ വിശദീകരിച്ചത്: 'തീർച്ചയായും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്. അതായത് തിൻമ ബാധിച്ചാൽ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും, നൻമ കൈവന്നാൽ തടഞ്ഞു വെക്കുന്നവനായികൊണ്ടും.' (ഖുർആൻ 70:1921).  നന്മകളായി സമ്പാദ്യം കൈകളിൽ നിറഞ്ഞു കവിഞ്ഞാൽ അവൻ ലുബ്ധത കാണിക്കുകയും ഇനിയും കുമിഞ്ഞുകൂടുവാൻ ആക്രാന്തം കാണിക്കുകയും ചെയ്യും.

ഇങ്ങനെ കൂടുതൽ കൂടുതൽ കിട്ടണമെന്ന ചിന്ത മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുന്നു.  കൊള്ളയും കവർച്ചയും മാത്രമല്ല, പലിശയും ചൂതാട്ടവും കൈക്കൂലിയും മറ്റുമായി ചൂഷണങ്ങൾ പെരുകുകയാണ്. കഷ്ടപ്പെടുന്നവരുടെ അവസ്ഥകളെ പോലും ചൂഷണം ചെയ്തു പണം കൊയ്യുന്നത് നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. ബാങ്കിലൂടെ നടക്കുന്ന ഇടപാടുകൾ മാത്രമാണ് പലിശയുടെ ഇനത്തിൽ വരുന്നത് എന്നാണു പലരും മനസ്സിലാക്കിയിട്ടുള്ളത്. പണം കടം കൊടുത്തു തിരിച്ചുവാങ്ങുമ്പോൾ കൂടുതൽ വാങ്ങുന്നതിനെയാണ് ആളുകൾ പൊതുവിൽ പലിശ എന്നു വിളിക്കുന്നത്.  എന്നാൽ അതുമാത്രമല്ല പലിശ. പലിശക്ക് എഴുപതിൽ പരം ഇനങ്ങളുണ്ടെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. ജനങ്ങളുടെ ഏതൊരു കഷ്ടതയെയും തനിക്ക് അനുകൂലമാക്കി മാറ്റിക്കൊണ്ട് പണമുണ്ടാക്കുന്ന എന്തും പലിശയുടെ ഇനത്തിലാണ് പെടുന്നത്. സേവനങ്ങളുടെ മറവിൽ വലിയ കൊള്ളകളാണ് ഇന്ന് ലോകത്ത് നടക്കുന്നത്.  ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിലും മറ്റു മേഖലകളിലും ഇത് വ്യാപകമാണ്. സ്വന്തം കുടുംബത്തിൽ സഹോദരങ്ങൾക്കിടയിൽ പോലും സാമ്പത്തികമായ ചൂഷണങ്ങൾ പെരുകുന്ന വാർത്തകൾ നിത്യേന നമ്മുടെ കാതുകളിലെത്തുന്നു.  മനുഷ്യർക്ക് ജീവിക്കാൻ വകയില്ലാഞ്ഞിട്ടല്ല ഈ ചൂഷണങ്ങളെല്ലാം അരങ്ങേറുന്നത്.  മറിച്ച് സമ്പാദിച്ചു കൂട്ടിവെച്ച് മതിയാവാഞ്ഞിട്ടാണ് എന്നോർക്കുമ്പോൾ കുടുംബബന്ധങ്ങൾക്ക് അർഥം നഷ്ടപ്പെടുന്നു.  പുഞ്ചിരി പോലും കേവലം അധരങ്ങൾ മാത്രം സ്വന്തമാക്കിയ ആധുനികലോകത്ത് മനസ്സിൽ നിന്നും വിരിയേണ്ട സ്‌നേഹമെന്ന വികാരം അന്യമായിരിക്കുന്നു. സ്‌നേഹത്തിനു പകരം പെരുകിക്കൊണ്ടിരിക്കുന്ന ചൂഷണം ലോകത്തിന്റെ സമഗ്രമേഖലകളെയും വലയം ചെയ്തിരിക്കുന്നു.

പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ ഒരു സൂക്ഷ്മതയും വേണ്ടതില്ല എന്നാണു പലരും കരുതുന്നത്.  'കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിലാണ് അതിനെ കൈകാര്യം ചെയ്യുന്നത്. സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകൾ അടക്കമുള്ളവരുടെ നികുതിപ്പണവും ഒരു നാട്ടിലെ മുഴുവൻ ജനങ്ങൾക്കും അവകാശപ്പെട്ട പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യുന്നത് സമൂഹത്തിലെ ഉന്നതരിൽപെട്ട ചില ചൂഷകരാണ്. സർക്കാരിന്റേതായിരുന്നാലും സംഘടനകളുടേതായിരുന്നാലും സ്ഥാപനങ്ങളുടേതായിരുന്നാലും പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത അനിവാര്യമാണ്.  അർഹമല്ലാത്ത ഒരു പൈസ പോലും തന്നിലേക്ക് വരരുത് എന്ന ബോധം അനിവാര്യമാണ്. പിഞ്ചുബാലനായിരുന്ന ഹുസൈൻ (റ) ഒരിക്കൽ സകാത്തിന്റേതായി കൂട്ടിയിട്ടിരുന്ന കാരക്കക്കൂമ്പാരത്തിൽ നിന്നും ഒന്നെടുത്ത് വായിലിട്ടപ്പോൾ അതുകണ്ട പ്രവാചകൻ കുട്ടിയുടെ വായിൽ കൈയിട്ട് ആ കാരക്ക പുറത്തേക്കെടുക്കുകയുണ്ടായി.  വിദേശത്തുനിന്നും വന്ന വസ്ത്രം പൗരന്മാർക്കെല്ലാം വീതിച്ചു നൽകിയ ഉമർ (റ) അതിൽ നിന്നും രണ്ടെണ്ണമെടുത്തുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ തന്റെ ഓഹരി പിതാവിന് നൽകിയതാണെന്നു ഉമറിന്റെ മകൻ അബ്ദുല്ല വിശദീകരിക്കുകയുണ്ടായി. പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാവേണ്ട സൂക്ഷ്മതയുടെ അനുപമമായ മാതൃകകളാണ് ഇതെല്ലാം. പൊതുമുതൽ കൈകാര്യം ചെയ്യുന്നവരിൽ ചിലരെങ്കിലും അത് തിരിമറി (റോളിംഗ്) നടത്തുന്നത് പതിവായിട്ടുണ്ട്.  തങ്ങളുടെ ആയുസ്സിന്റെ ബലം പോലുമറിയാത്ത അവർക്ക്  തിരിമറി നടത്തിയ പണം തിരിച്ചടക്കാൻ സാധിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. പലപ്പോഴും എഴുതിവെക്കാൻ പോലും സാധിക്കാതെ ചിലർ മരണപ്പെടുകയും ചെയ്യുന്നു. പൊതുമുതൽ കൈയിൽ വെക്കുന്നവർ കൈയിലുള്ള പണത്തിനു തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു യാതൊരു മൂല്യവുമില്ല എന്നു മനസ്സിലാക്കുകയാണ് വേണ്ടത്.  ഒരു കടലാസിന്റെ വില മാത്രം നൽകുകയും അതേസമയം പൊതുമുതലെന്ന അവസ്ഥയിൽ അതേറ്റവും അമൂല്യമാണെന്നും ഭദ്രമായി സൂക്ഷിക്കേണ്ടതാണെന്നുമുള്ള ബോധ്യം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്.

സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പണം സ്വന്തം മുതലുപോലെ യഥേഷ്ടം കൈകാര്യം ചെയ്യാൻ പാടില്ല. എല്ലാറ്റിനും കൃത്യമായ കണക്കുകൾ സൂക്ഷിച്ചുവെക്കണമെന്നതാണ് ഇസ്‌ലാം നൽകുന്ന നിർദ്ദേശം.  ഈ കണക്കുകൾ സുതാര്യമാവുകയും വേണം. കണക്കുകൾ ചോദ്യം ചെയ്യാനുള്ള അവകാശം ഓരോ അംഗത്തിനുമുണ്ട് എന്നുള്ളതുകൊണ്ട് തന്നെ അവർ ചോദിക്കുമ്പോൾ അത് വ്യക്തമാക്കി കൊടുക്കുക എന്ന ഉത്തരവാദിത്തം അവ കൈകാര്യം ചെയ്യുന്നവർക്കുണ്ട്.

സാമ്പത്തിക രംഗത്ത് ഓരോ രാജ്യത്തുമുള്ള നിയമങ്ങൾ പാലിക്കാൻ പൗരന്മാർക്ക് ബാധ്യതയുണ്ട്.  രാജ്യത്തെ പൗരന്മാർ രാജ്യവുമായി ഒരു കരാറിലാണ് എന്നത് മറന്നുപോവാൻ പാടില്ല. രാജ്യദ്രോഹം വലിയ കുറ്റമാണ്.  കള്ളക്കടത്തുകൾ പണമായിരുന്നാലും സ്വർണമായിരുന്നാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കുമെന്നതിനാൽ അതുമായി ബന്ധപ്പെടാനോ അത്തരം പ്രവർത്തനങ്ങൾ നടത്തുവാനോ പാടുള്ളതല്ല. രാജ്യത്തിന്റെ സാമൂഹിക ഘടന പോലും തകർന്നുപോകുന്ന ഇടപാടുകളാണ് കള്ളക്കടത്തുകളും സ്വർണ്ണക്കടത്തുകളും. രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു ദൈവവിശ്വാസിക്കും ഇത്തരം ഇടപാടുകളുമായി ബന്ധപ്പെടാൻ സാധിക്കില്ല. ഇത്തരം വിഷയങ്ങളിൽ ഭരണാധികാരികളിൽ നിന്നും ലഭിക്കുന്ന ശിക്ഷകളേക്കാൾ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കർമ്മങ്ങൾ മാത്രമല്ല ഇസ്‌ലാം; മറിച്ച് സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ നിയമങ്ങൾ കൂടി അനുസരിക്കുന്നതോടു കൂടി മാത്രമാണ് ഇസ്‌ലാം പൂർണ്ണമാവുക.  രാജ്യദ്രോഹങ്ങളിൽ നിന്നും മാറി നിന്ന് രാജ്യസ്‌നേഹികളായി മാറി പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോഴുള്ള സൂക്ഷ്മത പാലിക്കുന്നവരായി മാറുവാൻ നാം പ്രതിജ്ഞ പുതുക്കുക.

 

Latest News