കാണ്‍പൂര്‍- ഉത്തര്‍പ്രദേശിലെ ഗുണ്ടാനേതാവ് വികാസ് ദുബെയെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെടിവെച്ചു കൊന്നതായി പോലീസ്.
വാഹനം അപകടത്തില്‍പെട്ട ശേഷം പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് തോക്ക് പിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ വെടിയേറ്റു മരിച്ചുവെന്ന് ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞു. കാണ്‍പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്ന് ഗുണ്ടാ തലവനെ കാണ്‍പൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഉത്തര്‍ പ്രദേശ് പ്രത്യേക ദൗത്യ സേനയുടെ (എസ്.ടി.എഫ്) വാഹനം അപടത്തില്‍ പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
വാഹനം മറിഞ്ഞതിനു പിന്നാലെ വികാസ് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായെന്നും എസ്.ടി.എഫ് പറയുന്നു. കാണ്‍പൂരിലെ സചേന്ദി പ്രദേശത്താണ് കനത്ത മഴയ്ക്കിടെ എസ്.ടി.എഫിന്റെ വാഹനം അപകടത്തില്‍ പെട്ടത്.
ഡിവൈ.എസ്.പിയടക്കം എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഒളിവില്‍ പോയ വികാസ് ദുബെ ആറു ദിവസത്തെ തിരച്ചിലിനുശേഷം വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തില്‍വെച്ചാണ് പിടിയിലായത്.