കൊച്ചി - ഓഡിഷന്റെ പേരിലും കാസ്റ്റിങ് കോളിലൂടെയും നടക്കുന്ന ലൈംഗിക ചൂഷണവും തട്ടിപ്പും തടയാൻ ഫെഫ്ക തുടങ്ങിയ സംവിധാനത്തിനെതിരെ ഫിലിം ചേംബർ. കാസ്റ്റിങ് കോളും ഓഡിഷനും സിനിമാ നിർമാണവുമായി ബന്ധപ്പെട്ട മേഖലയാണെന്നും ഇതിന്റെ പ്രാഥമിക ഉത്തരവാദിത്തം തങ്ങൾക്കാണെന്നും ഫിലിം ചേംബർ വ്യക്തമാക്കി. ലൈംഗിക ചൂഷണവും തട്ടിപ്പും തടയും. സംവിധായകനെയും സാങ്കേതിക പ്രവർത്തകരെയും നിശ്ചയിക്കുന്നതിന് മുമ്പ് നിർമാതാവ് ടൈറ്റിൽ രജിസ്ട്രേഷൻ നടത്തുന്നതും പ്രൊജക്ട് സമർപ്പിക്കുന്നതും ഫിലിം ചേംബറിലാണ്. അതിനാൽ കാസ്റ്റിങ് കോളിലും ഓഡിഷനിലും സുതാര്യത ഉറപ്പാക്കാനും കൃത്യത ഉറപ്പാക്കാനും ചേംബർ ഇക്കാര്യം ഏറ്റെടുക്കും. ടൈറ്റിൽ രജിസ്ട്രേഷന് പ്രൊജക്ട് സമർപ്പിക്കുമ്പോൾ നിർമാതാവ് നൽകുന്ന അഫിഡവിറ്റിനൊപ്പം കാസ്റ്റിങ് കോളും ഓഡിഷനും ചേംബറിനെ അറിയിക്കാമെന്ന സമ്മതപത്രവും ഇനി മുതൽ നൽകണം. ഓഗസ്റ്റ് 17ന് ഷൂട്ടിങ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച മോഹൻലാൽ ചിത്രം ദൃശ്യം സെക്കൻഡിന് ഈ ഘട്ടത്തിൽ അനുമതി നൽകേണ്ടെന്നാണ് ഫിലിം ചേംബർ നിലപാട്.
എവിടെ വെച്ചാണ് ഓഡിഷൻ, തീയതി, സമയം എന്നിവ ഉൾപ്പെടെ യഥാസമയം ഫിലിം ചേംബറിനെ നിർമാതാവ് രേഖാമൂലം അറിയിക്കണമെന്നാണ് തീരുമാനം. നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനും തട്ടിക്കൊണ്ടു പോകാനും പദ്ധതിയിട്ട സംഘം അറസ്റ്റിലായതിന് പിന്നാലെയാണ് വ്യാജ ഓഡിഷനും കാസ്റ്റിങ് കോളും തടയാൻ താര സംഘടനയായ അമ്മയും ഫെഫ്കയും തീരുമാനിച്ചത്.
ഫെഫ്കയിൽ രജിസ്റ്റർ ചെയ്ത കാസ്റ്റിങ് ഡയറക്ടർക്കും, കാസ്റ്റിങ് ഏജൻസിക്കും ഓഡിഷനും കാസ്റ്റിങ് കോളും നടത്താമെന്ന ഈ തീരുമാനത്തെ തള്ളിയാണ് ഫിലിം ചേംബർ നടപടി. ഫെഫ്കയിലൂടെ അല്ല ഫിലിം ചേംബറിലൂടെയായിരിക്കണം കാസ്റ്റിങ് കോളും ഓഡിഷനും നടത്തേണ്ടതെന്നാണ് സംഘടനയുടെ നിലപാട്.