അഹമ്മദാബാദ്- 2002-ലെ ഗുജറാത്ത് കലാപ കേസിൽ അന്നത്തെ മുഖ്യമന്ത്രിയും നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനത്തിനെതിരെ സാകിയ ജാഫ്രി നൽകിയ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കലാപത്തിൽ കൊല്ലപ്പെട്ട മുൻ എം.പി കൂടിയായ ഇഹ്‌സാ്ൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. 2002 -ലെ കലാപത്തിന് പിന്നിൽ വലിയ തോതിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സാകിയ ജാഫ്രി കോടതിയെ സമീപിച്ചത്.
എന്നാൽ ഇക്കാര്യം നിരസിച്ച കോടതി സാകിയ ജാഫ്രിക്ക് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഉത്തരവിടുകയായിരുന്നു. 2002 ഫെബ്രുവരി 28ന് ഗുൽബർഗ സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ ഇഹ്‌സാൻ ജാഫ്രിയടക്കം 69 പേരാണ് കൊല്ലപ്പെട്ടത്.
കലാപം തടയാൻ മുഖ്യമന്ത്രിയായിരുന്ന മോഡി മുഴുവൻ മാർഗങ്ങളും സ്വീകരിച്ചുവെന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉത്തരവിനെതിരെ 2014-ലാണ് സാകിയ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ നിരീക്ഷണത്തിൻ കീഴിലായിരുന്നു പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നത്. സാകിയ ജാഫ്രിക്കൊപ്പം എൻ.ജി.ഒ ആയ ജസ്റ്റീസ് ആന്റ് പീസ് മേധാവി ടീസ്റ്റ് സെതൽവാദും കോടതിയെ സമീപിച്ചിരുന്നു.