മാഞ്ചസ്റ്റര്‍-ഒരു വര്‍ഷം മുമ്പ് യുകെയിലെത്തിയ നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത് ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും ആണ്. നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന സൗണ്ട് എഞ്ചിനീയര്‍ ആയ ഷിബു പോളിന് ലഭിച്ചിരിക്കുന്നത് ലോകത്തിലെ പ്രധാന ആഡംബര കാറായ ലംബോഗിനി യും ഒപ്പം 20,000 പൗണ്ട് ക്യാഷ് െ്രെപസുമാണ്. നാട്ടില്‍ ഇലഞ്ഞി ആണ് 32 കാരനായ ഷിബുവിന്റെ സ്വദേശം. ഭാര്യ കോട്ടയം സ്വദേശിനി നഴ്‌സ് ലിനെറ്റ് ജോസഫ്(28) ആണ്. യുകെയിലെ പ്രസിദ്ധമായ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡ്രീം കാര്‍ കോമ്പറ്റിഷനില്‍ ഈ ആഴ്ച്ചയിലെ വിജയിയാണ് ഷിബു പോള്‍.
1999 ല്‍ സ്ഥാപിക്കപ്പെട്ട ബി ഒ ടി ബി കമ്പനി ആണ് യുകെയിലെ മിക്ക എയര്‍പോര്‍ട്ടിലും കാര്‍ ഡിസ്‌പ്ലേ ചെയ്തു മത്സരം സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ആയും മത്സരത്തില്‍ പങ്കെടുക്കാം. ലണ്ടന്‍ ആണ് ഹെഡ് ഓഫിസ്. ചെറിയ തുക മുടക്കി ഡ്രീം കാറുകള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു കമ്പനി തന്നെ ഉണ്ടാക്കിയത് എന്ന് കമ്പനിപറയുന്നു.യുകെയില്‍ എത്തി ജോലിക്കു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കെ എത്തിയ സമ്മാനവാര്‍ത്ത ഷിബുവിന് അവിശ്വസനീയമായിരുന്നു . നേരെത്തെ കേംബ്രിഡ്ജില്‍ ആയിരുന്ന ഇവര്‍ കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പാണ് നോട്ടിങ്ഹാമിലെക്ക് മാറിയത്. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ നഴ്‌സ് ആണ് ഭാര്യ ലിനെറ്റ് ജോസഫ്. ലിനെറ്റിനെ വിവാഹം കഴിച്ച ശേഷമാണ് ഷിബു യുകെയിലെത്തുന്നത്. വാടകക്ക് താമസിക്കുന്ന ഷിബുവും ലിനെറ്റും ഇനി സ്വന്തമായി വീടുവാങ്ങാനുള്ള തീരുമാനത്തിലാണ്.