Sorry, you need to enable JavaScript to visit this website.

അന്തരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്   അട്ടിമറിക്കാന്‍ പാക്കിസ്ഥാന്‍  ശ്രമം

ന്യൂദല്‍ഹി- അന്തരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വധശിക്ഷയ്ക്ക് എതിരേ അപ്പീല്‍ നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് തയ്യാറായില്ലെന്ന പാക്കിസ്ഥാന്റെ പ്രസ്താവന വ്യാജമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കാനായി സര്‍ക്കാര്‍ ഉചിതമായ വഴികള്‍ എല്ലാം തേടുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് തയ്യാറായില്ലെന്നും ദയാഹര്‍ജിയില്‍ തുടര്‍നടപടി ആവശ്യപ്പെട്ടു എന്നുമാണ് പാക്കിസ്ഥാന്‍ ഇന്ന് അറിയിച്ചത്. കുല്‍ഭൂഷണ് കുടുംബാംഗങ്ങളെ വീണ്ടും കാണാന്‍ അവസരം നല്‍കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.
2016 മാര്‍ച്ച് 3ന് ബലോചിസ്ഥാനില്‍ വച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തുവെന്നാണ് പാക് വാദം. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017ല്‍ പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
പാക് ചാരന്‍മാര്‍ ഇറാനിലെ ഛബഹര്‍ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം.
 

Latest News