ന്യൂഡല്‍ഹി- ഇന്ത്യയില്‍ ആവശ്യഘട്ടങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് നിയമപരമാക്കിയിട്ട് 46 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഏകദേശം 60 ശതമാനത്തോളം ഗര്‍ഭച്ഛിദ്രങ്ങളും സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം. ഗര്‍ഭച്ഛിദ്രം നിയമപരമായി വിലക്കിയ രാജ്യങ്ങളിലെ സ്ഥിതിക്കു സമാനമാണ് ഇന്ത്യയിലെ സ്ഥിതിയെന്നാണ് ഈ പഠനം നല്‍കുന്ന സൂചന. ഈ വൈരുദ്ധ്യത്തിനു പ്രധാന കാരണം ആശുപത്രി സൗകര്യങ്ങളുടെ ലഭ്യതക്കുറവും ഗര്‍ഭച്ഛിദ്രം അപമാനമാണെന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണയുമാണെന്ന് പഠനം പറയുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യു എ ഒ) ഗുട്ടര്‍മാചര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് നടത്തിയ ഈ പഠനം പറയുന്നത്, ഗര്‍ഭച്ഛിദ്രം ശക്തമായി വിലക്കിയ 62 രാജ്യങ്ങളിലും 75 ശതമാനം ഗര്‍ഭച്ഛിദ്രങ്ങളും സുരക്ഷിതമല്ല എന്നാണ്. നിയമപരമായ തടസ്സങ്ങളില്ലാത്ത 57 രാജ്യങ്ങളില്‍ 13 ശതമാനം മാത്രമെ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം നടക്കുന്നുള്ളൂ. അതേസമയം ഗര്‍ഭച്ഛിദ്രം അനുവദിക്കപ്പെട്ട ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങളുടെ തോത് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. വികസ്വര രാജ്യങ്ങളിലാണ് സുരക്ഷിതമല്ലാത്ത 97 ശതമാനം ഗര്‍ഭച്ഛിദ്രങ്ങളും നടക്കുന്നത്.
ആയുഷ് ഡോക്ടര്‍മാര്‍ അടക്കം പരിശീലനം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ രംഗത്തിറക്കി ആരോഗ്യ സേവന രംഗം മെച്ചപ്പെടുത്തിയാല്‍ ഇന്ത്യയിലെ ഈ അവസ്ഥ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
2010-നും 2014-നുമിടയില്‍ ഓരോ വര്‍ഷവും ലോകത്തുടനീളം നടന്നത് 55.7 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങളാണെന്നും പഠനം പറയുന്നു. ഇവയില്‍ ഏകദേശം 30.6 ദശലക്ഷം മാത്രമാണ് സുരക്ഷിതം. 17.1 ദശലക്ഷം കുറഞ്ഞ സുരക്ഷയിലും എട്ട് ദശലക്ഷം തീരെ സുരക്ഷയില്ലാതെയുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതായത് ഓരോ വര്‍ഷവും സുരക്ഷിതമല്ലാത്ത 25.1 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നു. ഇവയില്‍ 24.3 ദശലക്ഷവും (97 ശതമാനം) വികസ്വര രാജ്യങ്ങളിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം ഇന്ത്യയില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതാണ് ഭീഷണി.