ഭോപാല്‍- അടുത്ത വര്‍ഷം സെപ്തംബറോടെ രാജ്യത്തുടനീളം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ഒരുക്കമാണെന്ന് തെരഞ്ഞെടപ്പു കമ്മീഷന്‍. 2018 സെപ്തംബറോടെ ഈ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം തേടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ ഒരേ സമയം തന്നെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നത് ബിജെപിയുടെ താല്‍പര്യമാണ്. അതേസമയം മറ്റുപാര്‍ട്ടികള്‍ക്ക് ഇതിനോട് യോജിപ്പില്ല.
തെരഞ്ഞെടുപ്പുകല്‍ ഒന്നിച്ചു നടത്താന്‍ ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റ് മെഷീനുകളും ഒരുക്കുന്നതിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനകം തന്നെ 3,400 കോടിയും 12,000 കോടി രൂപയും തവണകളായി കമ്മീഷനു ലഭിച്ചിട്ടുണ്ട്. പുതിയ മെഷിനുകള്‍ക്കായി നേരത്തെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതും ലഭിച്ചു കൊണ്ടിരിക്കുന്നു. 2018 സെപ്തംബറോടെ ആവശ്യമായ എണ്ണം മെഷീനുകളും ലഭിക്കുകയും മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കാനും കമ്മീഷനു കഴിയുമെന്നും റാവത്ത് പറഞ്ഞു.
40 ലക്ഷം വോട്ടിങ് മെഷീനുകളും വിവിപാറ്റ് മെഷീനുകളുമാണ് രാജ്യത്തുടനീളം ഒരേസമയം പാര്‍ലമെന്റിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടത്. '2018 സെപ്തംബറോടെ എല്ലാ സജ്ജീകരണങ്ങളുമൊരുക്കാന്‍ കമ്മീഷന്‍ തയാറാണ്. ഇനി തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ആവശ്യമായ നിയമപരമായ ഭേദഗതികള്‍ കൊണ്ട് വന്ന് സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ മതി,' റാവത്ത് വ്യക്തമാക്കി.
2018-ല്‍ ഏഴ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജനുവരിയില്‍ സര്‍ക്കാരിന്റെ കലാവധി തീരുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക (മേയ്), മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര (മാര്‍ച്ച്), മിസോറാം (ഡിസംബര്‍) എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പുകള്‍ക്കൊരുങ്ങുന്നത്. ഇതില്‍ മിസോറാം ഒഴികെ മറ്റ് ആറു സംസ്ഥാനങ്ങളിലും സെപ്തംബറോടെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകും.