ന്യൂദല്‍ഹി- 151 പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ കൊണ്ടുവരാനുള്ള തീരുമാനം തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്കക്ക് കാരണമില്ലെന്നും തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുകയെന്നും റെയില്‍വേ ബോര്‍ഡ് അധ്യക്ഷന്‍ വി.കെ.യാദവ് അവകാശപ്പെട്ടു.
സ്വകാര്യ സംരംഭകര്‍ പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുമെന്നും ആവശ്യമായ ട്രെയിനികള്‍ അനുവദിക്കാന്‍ റെയില്‍വേയെ പുതിയ നീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
109 റൂട്ടുകളില്‍ 151 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള റെയില്‍വേയുടെ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയാണ് ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണം. പാവപ്പെട്ടവരുടെ യാത്രാ സൗകര്യമാണ് എടുത്തുകളയുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
അഞ്ച് ശതമാനം ട്രെയിനുകള്‍ മാത്രമാണ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്നതെന്നും 95 ശതമാനം ട്രെയിനുകളും റെയില്‍വെ തന്നെയാണ് ഓടിക്കുകയെന്നും വി.കെ. യാദവ് പറഞ്ഞു
നിലവില്‍ 2,800 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നതെന്നും റെയില്‍വേക്ക് കീഴില്‍ തന്നെ ഇവ തുടരമെന്നും ആവശ്യമായി വന്നാല്‍ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.