ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ, ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനു ശേഷവും സമൂഹ മാധ്യമങ്ങളടക്കം 89 മൊബൈല്‍ ആപ്പുകള്‍ ഉപേക്ഷിക്കാതെ ഇന്ത്യന്‍ സൈനികര്‍.
ഈ മാസം 15-നകം 89 ആപ്പുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് നീക്കം ചെയ്തിരിക്കണമെന്ന് സൈനികര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കയാണ്.
ഇത്തരത്തിലുള്ള നിര്‍ദേശങ്ങളില്‍ പുതുമയില്ലെങ്കിലും മുമ്പ് നല്‍കിയ നിരവധി ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് സൈന്യം ഇത്തവണ സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജൂണ്‍ രണ്ടാം വാരത്തിലാണ് സമയപരിധി നിര്‍ണയിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ അഞ്ചിന് ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മൊത്തത്തില്‍ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളില്‍ പലതും ഈ പട്ടികയിലുണ്ട്.
ഇരു സേനകളും അതിര്‍ത്തിയില്‍ കനത്ത സന്നാഹം ഏര്‍പ്പെടുത്തുന്നതിനിടയിലാണ് രാജ്യത്ത് ചൈനീസ് നിര്‍മിത മൊബൈല്‍ ആപ്പുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത്.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, സന്ദേശമയക്കുന്നതിനായി ഉപയോഗിക്കുന്ന വി ചാറ്റ്, വൈബര്‍, ഹെലോ, ഷാര ചാറ്റ് , ടിക്ക് ടോക്ക് പോലുള്ള വീഡിയോ ഹോസ്റ്റിംഗ് സൈറ്റുകള്‍, യുസി ബ്രൗസര്‍, യുസി ബ്രൗസര്‍ മിനി പോലുള്ള വെബ് ബ്രൗസറുകള്‍, വീഡിയോ തത്സമയ സ്ട്രീമിംഗ് അപ്ലിക്കേഷനുകള്‍, കാം സ്‌കാനര്‍ പോലുള്ള യൂട്ടിലിറ്റി അപ്ലിക്കേഷനുകള്‍, പബ്ജി പോലുള്ള ഗെയിമിംഗ് അപ്ലിക്കേഷനുകള്‍, ഇകൊമേഴ്‌സ് സൈറ്റുകള്‍, ടിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് അപ്ലിക്കേഷനുകള്‍ തുടങ്ങിയവ സൈനികര്‍ നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.