ദമാം - ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചിട്ടും ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോകാൻ ആളില്ല. പല പ്രമുഖ സംഘടനകളും ഏറെ കൊട്ടിഘോഷിച്ചു ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി കരസ്ഥമാക്കിയെങ്കിലും യാത്രക്കാരെ ലഭിക്കാത്തത് മൂലം സർവീസുകൾ ഉപേക്ഷിച്ചു. നഗരങ്ങളിൽ കണ്ടുവരുന്ന ടൂറിസ്റ്റ് സർവ്വീസുകളെ പോലെ പല ഏജൻസികൾ വഴി പുതിയ വാഗ്ദാനങ്ങളും നൽകി യാത്രക്കാരെ ക്ഷണിക്കുന്നുണ്ടെങ്കിലും ആരും തന്നെ യാത്ര ചെയ്യാൻ തയ്യാറാകുന്നില്ലെന്നു ട്രാവൽ വൃത്തങ്ങൾ വെളിപ്പെടുത്തി. കോവിഡ് മഹാമാരിയുടെ വ്യാപനം ഭയന്ന് ഭീതിജനകമായ സാഹചര്യം നിലനിന്നപ്പോൾ കേരളത്തിൽ നോർക്കയിലും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ എംബസിയിലും രജിസ്റ്റർ ചെയ്ത ഭൂരിഭാഗം ആളുകളും നാട്ടിലേക്ക് മടങ്ങാൻ ഇപ്പോൾ തയ്യാറാവുന്നില്ല. അതിനു കാരണമായി പറയുന്നത് ഏറ്റവും സുരക്ഷിതമായ സ്ഥലം നിലവിൽ ഗൾഫ് രാജ്യങ്ങൾ തന്നെയാണെന്നാണ്. സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ എന്ന് തിരിച്ചുവരാൻ സാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതും അവധിക്കു പോകാൻ ആഗ്രഹിക്കുന്നവരെപോലും പിന്തിരിപ്പിക്കുകയാണ്.
ആദ്യഘട്ടം 2500 റിയാൽ വാങ്ങിയിരുന്ന പല പ്രമുഖ സംഘടനകളും ഇപ്പോൾ അത് 1500 റിയാലിലേക്ക് ചുരുക്കിയും കൂടുതൽ ലഗേജ് അനുവദിച്ചും യാത്രക്കാരെ ആകർഷിക്കാൻ ശ്രമിച്ചിട്ടും വിജയിക്കുന്നില്ല. ചാർട്ടേഡ് വിമാനങ്ങൾക്ക് കരാർ ഉറപ്പിച്ചാൽ അത് റദ്ദാക്കിയാൽ ഭീമമായ തുക നഷ്ടപരിഹാരം നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ പലരും പുലിവാല് പിടിച്ചത് പോലെയായെന്നാണ് അണിയറയിലെ സംസാരം. ഇതിനിടയിൽ നിസ്സാര കാര്യങ്ങൾക്ക് പോലും ചാർട്ടേഡ് വിമാനങ്ങളുടെ സേവനം തേടുന്നത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിരുന്നു. കിഴക്കൻ പ്രവിശ്യയിലെ പല പ്രമുഖ കമ്പനികളും അവരുടെ ജോലിക്കാരെ സ്വന്തമായി ചാർട്ടേഡ് വിമാനങ്ങളിലാണ് നാട്ടിലെത്തിച്ചത്. ഇതിനിടയിൽ പല സ്വകാര്യ വ്യക്തികളും കച്ചവട കണ്ണോടെ വിമാനങ്ങൾ ചാർട്ട് ചെയ്തു നിരവധിയാളുകളെ നാട്ടിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഏകദേശം 25 ഓളം സർവീസുകൾക്ക് കേരള സർക്കാർ തന്നെ അനുമതി നൽകിയെങ്കിലും പല സർവ്വീസുകൾക്കും മതിയായ യാത്രക്കാരെ ലഭിക്കാത്തത് മൂലം ഇതിനകം റദ്ദു ചെയ്തതായാണ് അറിവ്. ചില സംഘടനകൾ പൂർണമായും സൗജന്യമായി യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മറ്റു ചിലർ കുറച്ചു പേർക്കെങ്കിലും സൗജന്യമായി ടിക്കറ്റ് നൽകി വിമാനം സജ്ജീകരിക്കാനും തയ്യാറെടുത്തു വരുന്നു.
നിയമ ലംഘനങ്ങളിൽ അകപ്പെട്ടവരും കേസുകളിൽ കുടുങ്ങി ജാമ്യത്തിൽ കഴിയുന്നവരും ഹുറൂബ്, മത്ത്‌ലൂബ് തുടങ്ങി നിയമ കുരുക്കുകളിൽ അകപ്പെട്ടവരും നാടണയുന്നതിനായി കാത്തിരിക്കുന്നുണ്ട്. ആയിരക്കണക്കിന് പേർ ഇത്തരം കേസുകളിൽ നാടണയാൻ കഴിയാതെ കുരുങ്ങിക്കിടക്കുകയാണ്. ഇവർക്കെല്ലാം നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങുന്നു എന്നുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നടത്തി റജിസ്‌ട്രേഷൻ പൂർത്തീകരിച്ചെങ്കിലും ഈ സംവിധാനത്തിലൂടെ ഇതുവരെയും ആരും നാട്ടിലേക്ക് മടങ്ങിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷൻ സംവിധാനത്തിലൂടെ നിരവധി വിമാന സർവീസുകൾ വരും ദിവസങ്ങളിൽ നടക്കാനിരിക്കെ നിയമക്കുരുക്കിലായവരെ നാട്ടിലെത്തിക്കാൻ കഴിയണമെങ്കിൽ ഇത്തരം ആളുകൾക്ക് അവരുടെ യാത്രാ രേഖകൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സാമൂഹിക രംഗത്തുള്ളവർ ആവശ്യപ്പെട്ടു.