പട്‌ന- ബിഹാറില്‍ കോവിഡ് മരണങ്ങള്‍ കുത്തനെ കൂടുന്നതിനിടെ കോവിഡ് വാക്‌സിനായ 'കോവാക്‌സിന്‍' ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുന്നു. ജൂലൈ പത്ത് മുതല്‍ എയിംസിലാണ് മനുഷ്യരിലുള്ള പരീക്ഷണം നടക്കുക. ഐസിഎംആറിന്റെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് പരിശോധന നടത്താന്‍ ചെറിയ സമയം കൊണ്ട് തന്നെ എയിംസ് മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ഡോക്ടര്‍മാരുടെ നിരന്തരമായ നിരീക്ഷണത്തിലാണ് പരീക്ഷണം ആരംഭിക്കുക. ഇതിനായി വിദഗ്ധരും ഇത്തരം പരീക്ഷണങ്ങളില്‍ പരിചയസമ്പത്തുള്ളവരുമായ അഞ്ച് ഡോക്ടര്‍മാരുടെ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
പ്രാഥമിക പരീക്ഷണത്തിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്ന് എയിംസ് സൂപ്രണ്ട് ഡോ. സിഎം സിങ് അറിയിച്ചു.നൂറ് പേരിലാണ് പരീക്ഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്. വാക്‌സിന്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയായാല്‍ രാജ്യത്തെ കോവിഡ് വ്യാപനം ചെറുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.ഐസിഎംആറിന്റെ സഹകരണത്തോടെയാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. നേരത്തെ ഈ വാക്‌സിന്റെ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.