തിരുവനന്തപുരം- സ്വപ്ന നയതന്ത്ര ഉദ്യോഗസ്ഥയാണെന്ന് കരുതിയെന്നും നയതന്ത്ര ഉദ്യോഗസ്ഥയ്ക്കുള്ള ബഹുമാനമാണ് അവർക്ക് നൽകിയിരുന്നതെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇവരുമായി മാസങ്ങൾക്ക് മുമ്പ് സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ ചടങ്ങിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നം പരിഹരിക്കാൻ സ്വപ്നയുടെ സഹായം തേടിയിരുന്നു. ലോക കേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സ്വപ്ന സുരേഷ് മുഖേന താൻ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരമാണ്. യു.എ.ഇ കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരും ബന്ധപ്പെട്ടിരുന്നത്. സർക്കാർ പ്രതിനിധികളെ ആഘോഷച്ചടങ്ങുകൾക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മലയാളി ഉദ്യോഗസ്ഥ എന്ന നിലയിൽ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.