ജനീവ- കോവിഡ് എല്ലായിടത്തുമുണ്ടെന്നും വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും യാത്രക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ വൈറസ് വ്യാപകമായി ഉണ്ടെന്ന കാര്യം ജനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വളരെ ഗൗരവപൂര്‍വ്വം മനസിലാക്കണമെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. യാത്രാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം പറഞ്ഞിരുന്നുവെങ്കിലും അവ പുറത്തുവിട്ടിരുന്നില്ല. നേരത്തെ പുറത്തുവിട്ട മാര്‍ഗ നിര്‍ദ്ദേശത്തില്‍ സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ കഴുക, കണ്ണുകള്‍, വായ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാഹചര്യമില്ലെന്നും അതിനാല്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.