Sorry, you need to enable JavaScript to visit this website.

ആരോടും പരിഭവമില്ല, ഞാന്‍ ഒരു ദൈവവിശ്വാസി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പക്ഷേ ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥത ജനങ്ങള്‍ തിരിച്ചറിയും. താന്‍ ഒരു ദൈവവിശ്വാസിയാണെന്നും ആരോടും പരിഭവമില്ലെന്നും ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013 ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.

സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.

2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു.

വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍നിന്ന് ഒഴിവാക്കി.

എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളഞ്ഞു. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യു.ഡി.എഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍നിന്ന് നീക്കം ചെയ്തു.

ഗവണ്‍മെന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരുംകൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യു.ഡി.എഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.

ഈ ആരോപണങ്ങളില്‍നിന്ന് പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം. കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്.

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.

 

Latest News