കൊച്ചി- എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അക്യൂട്ട് റസ്പറേറ്ററി ഇന്‍ഫക്ഷനുമായി എത്തുന്ന മുഴുവന്‍ രോഗികളെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം.മാനദണ്ഡങ്ങള്‍ അനുസരിച്ച് കൂടുതല്‍ പേരെ ടെസ്റ്റിന് വിധേയമാക്കും. കൂടുതല്‍ ആളുകളുടെ സാമ്പിളുകള്‍ പരിശോധിക്കുകയും സെന്റിനല്‍ സര്‍വെയ്‌ലന്‍സില്‍ കൂടുതാലാളുകളെ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കും.
മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ അനുവദിക്കും. ആശുപത്രി ജീവനക്കാര്‍,പാരാമെഡിക്കല്‍ സ്റ്റാഫ്,ശുചീകരണ തൊഴിലാളികള്‍,വിമാനങ്ങളിലും ട്രെയിനുകളിലും എത്തുന്ന യാത്രികര്‍ എന്നിവരെ നിരീക്ഷിക്കും. ബാങ്കുകള്‍ക്ക് മിനിമം ജോലിക്കാരെ മാത്രം ഉയോഗിച്ച് ഈ സോണുകളില്‍ പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടായിരിക്കുമെന്നും യോഗം അറിയിച്ചു.
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം മൂലം അസുഖം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് നിയന്ത്രണം കര്‍ക്കശമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് സ്വകാര്യ ലാബുകളില്‍ കോവിഡ് ടെസ്റ്റിന് സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് വേണ്ട സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കിയതായും അവലോകന യോഗം വ്യക്തമാക്കി.