ന്യൂദൽഹി - അതിർത്തിയിൽ പിരിമുറുക്കി നിന്ന സംഘർഷത്തിനൊടുവിൽ 60 ദിവസത്തിന് ശേഷമാണ് ഇരുപക്ഷത്തെയും സേനകൾ പിൻമാറാൻ ധാരണയാകുന്നത്. 2017 ൽ ഭൂട്ടാൻ അതിർത്തി പ്രദേശത്ത് ഡോക് ലായിൽ ഇന്ത്യ-ചൈന സൈനിക സംഘർഷം ഉണ്ടായപ്പോൾ 73 ദിവസത്തിന് ശേഷമാണ് ഇരുഭാഗത്തെയും സേനകൾ പിൻമാറിയത്. രണ്ട് വർഷത്തിന് ശേഷം കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ 60 ദിവസം മുഖാമുഖം നിന്ന ശേഷമാണ് ഇപ്പോൾ ഇരുപക്ഷവും അൽപമെങ്കിലും പിന്നോട്ട് മാറാൻ തയാറായിരിക്കുന്നത്.
കഴിഞ്ഞ മേയ് അഞ്ച്, ആറ് തീയതികളിൽ പാംഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്ത് ഇന്ത്യയുടെയും ചൈനയുടെയും പെട്രോളിംഗ് ടീമുകൾ ഏറ്റുമുട്ടിയതാണ് സംഘർഷത്തിന് തുടക്കം. മൂന്ന് ദിവസത്തിന് ശേഷം സിക്കിമിലെ നാക്ക് ലായിൽ വീണ്ടും ഇരു സേനകളും നേർക്കുനേർ മുട്ടി. ഇരുപക്ഷത്ത് നിന്നുമായി 150 സൈനികർ ഏറ്റുമുട്ടിയപ്പോൾ നാല് ഇന്ത്യൻ സൈനികർക്കും ഏഴ് ചൈനീസ് സൈനീകർക്കും പരിക്ക് പറ്റി.
മേയ് പന്ത്രണ്ടിനാണ് പാംഗോംഗ് തീരത്ത് നിന്ന് ഗൽവാൻ താഴ്‌വരയിലേക്ക് ശ്രദ്ധ തിരിയുന്നത്. പ്രദേശത്ത് ചൈനയുടെ സൈനികർ നിലയുറപ്പിക്കുകയും ടെന്റുകളും മറ്റും സ്ഥാപിക്കുകയും ചെയ്തു.
ഏറെക്കാലമായി ശാന്തമായിരുന്ന ഗൽവാൻ താഴ്‌വര അതോടെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. മേയ് 19 ന് ഹോട്ട് സ്പ്രിംഗ് മേഖലയിലും സേനകൾ നേർക്കുനേർ നിലയുറപ്പിച്ചു. അതോടെ അതിർത്തി നിയന്ത്രണ രേഖ ഇന്ത്യൻ സൈന്യം മറികടന്നു എന്ന ആരോപണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ആരോപണം ഇന്ത്യ പാടേ നിഷേധിച്ചു. എങ്കിലും യഥാർഥ അതിർത്തി നിയന്ത്രണ രേഖയോട് ചേർന്ന ഇന്ത്യൻ സേനയുടെ പ്രവർത്തനങ്ങളെല്ലാം ചൈന വിലക്കി. അതോടെ ഇന്ത്യൻ സൈന്യത്തിന്റെ പതിവ് പെട്രോളിംഗ് ചൈന തടസ്സപ്പെടുത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുപക്ഷത്തുമുള്ള സൈനികർ പതിവായി പട്രോളിംഗ് നടത്തിയിരുന്ന മേഖല ആയിരുന്നു ഇത്.
മേയ് അവസാനത്തോടെ കരസേനാ മേധാവി ജനറൽ എം.എ. നരവനേ ലെയിലേ 14-ാം കോർപ്‌സിന്റെ സൈനിക ആസ്ഥാനം സന്ദർശിച്ചു. പിന്നാലെ ഇന്ത്യയും ചൈനയും സൈനിക, നയതന്ത്രതല ചർച്ച ആരംഭിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി. അതിർത്തിയിലെ അസ്വസ്ഥതയ്ക്ക് നയതന്ത്രം കൊണ്ടു മാത്രം പരിഹാരമാകില്ലെന്ന് ഇന്ത്യ അതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. ജൂൺ രണ്ടിന് ചൈനയുടെ സൈനിക നീക്കത്തിന് കരസേന പ്രതിരോധ നിര തീർത്തതായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇതോടെ മുമ്പ് ഡോക്‌ലായിൽ നടന്ന സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.
ലഡാക്കിൽ അടുത്ത ഏതാനും ദിവസങ്ങളിലായി സൈനിക തലത്തിൽ ചർച്ചകൾ തുടർന്നു കൊണ്ടിരുന്നു. ജൂൺ ഒമ്പതിന് ഇരു പക്ഷവും പിൻമാറാം എന്നു ധാരണയുമായി. പാംഗോംഗ്, സ്പ്രിംഗ് ഹോട്ട്, ഗൽവാൻ താഴ്‌വര എന്നീ മൂന്ന് സംഘർഷ മേഖലകളിൽനിന്ന് ചൈന പിൻമാറുമെന്ന് കരസേന പ്രഖ്യാപിക്കുകയും ചെയ്തു. നാലു ദിവസത്തിന് ശേഷം പിൻമാറ്റം ഘട്ടംഘട്ടമായി നടക്കുമെന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കരസേന മേധാവിയും വ്യക്തമാക്കി.
എന്നാൽ, ചൈന ധാരണ തെറ്റിച്ച് പിൻമാറ്റം നടത്തിയില്ല. മാത്രമല്ല ചൈന ഗൽവാൻ താഴ്‌വരയിൽ നടത്തിയ ചില പുതിയ നിർമാണ പ്രവർത്തനങ്ങളും ഇന്ത്യൻ സേനയുടെ ശ്രദ്ധയിൽ പെട്ടു. അതോടെയാണ് കൊല്ലപ്പെട്ട കേണൽ ബി. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് പരിശോധിക്കാനായി തിരിച്ചത്. എന്നാൽ, ചൈനീസ് പട്ടാളം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു. ടെന്റുകളും മറ്റും പൊളിച്ചു നീക്കാൻ ഇന്ത്യൻ സൈന്യം ചെന്നപ്പോൾ പുതിയതായി എത്തിയ ചൈനീസ് ട്രൂപ്പാണ് ഇവരെ നേരിട്ടത്. ആണി തറച്ച വടികൾ കൊണ്ടും പ്രാകൃത ആയുധങ്ങൾ കൊണ്ടും അവർ ഇന്ത്യൻ സൈനികരെ ആക്രമിച്ചു. കല്ലേറും ഉണ്ടായി. ഈ സംഘർഷത്തിലാണ് കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ചൈനയുടെ എത്ര സൈനികർ കൊല്ലപ്പെട്ടു എന്ന് അവർ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
സംഘർഷത്തിന് പിന്നാലെ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ നൽകി രംഗത്തെത്തി. ചൈനയുടെ വശത്ത് പാക്കിസ്ഥാൻ മാത്രമാണ് ഉണ്ടായിരുന്നത്. യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സംബന്ധിച്ച ചൈനയുടെ ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തു വന്നു.
ഇതിനിടെ രണ്ട് വട്ടം കൂടി സൈനിക തലത്തിലുള്ള ചർച്ച നടന്നു. അതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പെട്ടെന്ന് തന്നെ സന്ദർശനം റദ്ദാക്കി. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ലഡാക്കിലെ നിമുവിൽ മിന്നൽ സന്ദർശനം നടത്തി സൈനികരെ അഭിസംബോധന ചെയ്തു.
ഞായറാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രണ്ട് മണിക്കൂർ നേരം വീഡിയോ കോളിലൂടെ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു. അതിന് പിന്നാലെയാണ് ചൈന ഇന്നലെ പിന്മാറ്റത്തിന്റെ ആദ്യ പടിയായി ഒരു കിലോമീറ്റർ പുറകിലേക്ക് മാറിയത്. എന്നാൽ, പിൻമാറ്റം യഥാർഥ്യമാണോ എന്ന് നിരീക്ഷിച്ച് ഉറപ്പിക്കേണ്ടി വരുമെന്നാണ് ഇന്ത്യൻ സൈന്യം വിലയിരുത്തുന്നത്.