ബഗ്ദാദ്- യു.എസ് എംബസിയടക്കം ഉള്‍ക്കൊള്ളുന്ന ഇറാഖ് തലസ്ഥാനത്തെ ഗ്രീന്‍ സോണ്‍ ലക്ഷ്യമിട്ട് അയച്ച റോക്കറ്റ് വീട്ടില്‍ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റതായി ഇറാഖ് സൈന്യം വെളിപ്പെടുത്തി.
എംബസിയില്‍ അടുത്തിടെ സ്ഥാപിച്ച സി-റാം വ്യോമ പ്രതിരോധ സംവിധാനം ശനിയാഴ്ച വൈകിട്ട് പ്രവര്‍ത്തിച്ചതിനാല്‍ റോക്കറ്റ് തകര്‍ത്തതാകാമെന്ന് ഇറാഖ് അധികൃതര്‍ പറഞ്ഞു. അടുത്ത കാലത്തായി യു.എസ് എംബസിക്കും ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ക്കുംനേരെ റോക്കറ്റ് ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കയാണ്. അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ യു.എസ് എംബസിക്കുസമീപം വരെ റോക്കറ്റുകള്‍ എത്തിക്കാന്‍ സാധിക്കുന്നു.
ബഗ്ദാദിലെ അലി അല്‍ സാലിഹ് പ്രദേശത്തുനിന്ന് ശനിയാഴ്ച വൈകിട്ട് വിക്ഷേപിച്ച റോക്കറ്റ് പ്രാദേശിക ടി.വി ചാനലിനു സമീപത്തെ വീട്ടിലാണ് പതിച്ചത്. ഒരു കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റതായും വീടിന് കേടുപാടുകള്‍ സംഭവിച്ചതായും സൈന്യം പ്രസ്താവനയില്‍ പറയുന്നു.
യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഉപയോഗിക്കുന്ന പരിശീലന കേന്ദ്രമായ ബഗ്ദാദിന് വടക്ക് ഉമ്മുല്‍ ആസാം പ്രദേശത്ത് ക്യാമ്പ് താജി ആക്രമിക്കാന്‍ നടത്തിയ മറ്റൊരു ശ്രമം പരാജയപ്പെടുത്തിയതായും ഇറാഖ് സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ക്യാമ്പ് താജിക്കുനേരെ നടന്ന റോക്കറ്റാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികനും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്ത് അമേരിക്കന്‍ സേനയുടെ സാന്നിധ്യമടക്കം യു.എസുമായി ഇറാഖ് തന്ത്രപ്രധാന ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് പുതിയ ആക്രമണം.
ഇറാന്‍ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകളെ തടയാന്‍ ഇറാഖ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് യു.എസ് വിമര്‍ശിക്കുന്നു. ആക്രമണങ്ങളില്‍നിന്ന് അമേരിക്കന്‍ കേന്ദ്രങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യു.എസ് അധികൃതര്‍
ഇറാന്‍ പിന്തുണയുള്ള അര്‍ധസൈനിക വിഭാഗമായ കതൈബ് ഹിസ്ബുല്ലയുടെ ആസ്ഥാനത്ത് ഇറാഖ് സുരക്ഷാ സേന കഴിഞ്ഞയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഗ്രീന്‍ സോണ്‍ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തുന്നവരെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത 14 പേരില്‍ 13 പേരെ പിന്നീട് വിട്ടയച്ചിരുന്നു. ഒരാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ഈ നീക്കം അമേരിക്കയുടെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിമര്‍ശനത്തിനു കാരണമായി.
യു.എസ് എംബസി ശനിയാഴ്ച വൈകിട്ടാണ് പുതിയ വ്യോമ പ്രതിരോധ സംവിധാനം പരീക്ഷിച്ചു തുടങ്ങിയതെന്ന് ഇറാഖ് അധികൃതര്‍ അറിയിച്ചു. ഇറാഖ് ജനതയെ പ്രകോപിപ്പിക്കുന്ന നിയമവിരുദ്ധ നടപടിയാണിതെന്ന് പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഹസ്സന്‍ അല്‍ കാബി കുറ്റപ്പെടുത്തിയിരുന്നു.