ഗാന്ധിനഗര്‍- മീശ വെച്ചു നടന്നതിന് രണ്ട് ദളിത് യുവാക്കളെ മര്‍ദിച്ച ഗാന്ധിനഗറിലെ ലിംബോദര ഗ്രാമത്തില്‍ ദളിത് യുവാവിനു നേരെ വീണ്ടും ആക്രമണം. 17 വയസ്സുള്ള കൗമാരക്കാരനെ അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു കടന്നു. മേല്‍ജാതിക്കാരായ ദര്‍ബാര്‍ സമുദായക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. ഒരാഴ്ചക്കിടെ ഇവിടെ നടക്കുന്ന മീശവച്ച ദളിത് യുവാക്കള്‍ക്കെതിരായ മൂന്നാമത്തെ ആക്രമമാണിത്. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്നും മടങ്ങിവരുന്നതിനിടെയാണ് യുവാവിനു നേരെ ആക്രമണമുണ്ടായത്. മീശവച്ചെന്നാരോപിച്ച് നേരത്തെ ആക്രമിക്കപ്പെട്ട പിയുഷ് പാര്‍മറിന്റെ കൂടെ തന്നെയും സെപ്തംബര്‍ 25-ന് മേല്‍ജാതിക്കാര്‍ ആക്രമിച്ചിരുന്നുവെന്ന് യുവാവ് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ആക്രമണത്തിനിരയായത്.
സെപ്തംബര്‍ 29-ന് കുനാല്‍ മെഹരിയ എന്ന മറ്റൊരു യുവാവിനേയും മീശ വച്ചതിന് മേല്‍ജാതിക്കാര്‍ മര്‍ദിച്ചിരുന്നു. രണ്ടു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇപ്പോഴുണ്ടായ ആക്രമത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടു പേരാണ് യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ആവര്‍ത്തിച്ചുണ്ടാകുന്ന മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് ദളിത് യുവാക്കള്‍ പുതിയ പ്രതിഷേധമുറയുമായി രംഗത്തെത്തി. സാനന്ദ് മേഖലയില്‍ ഗ്രാമങ്ങളില്‍ നിന്നുള്ള മുന്നൂറോളം ദളിത് യുവാക്കള്‍ തങ്ങളുടെ വാട്‌സാപ്പ് ഡിസ്‌പ്ലെ പിക്ചര്‍ പിരിച്ചു വച്ച മീശയുടെ ചിത്രം ആക്കിയാണ് പ്രതിധേഷിക്കുന്നത്. മിസ്റ്റര്‍ ദളിത് എന്നും ഈ ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.