- ജംറയിൽ എറിയാൻ അണുവിമുക്തമാക്കിയ കല്ലുകൾ നൽകും
റിയാദ് - പരിമിത ഹാജിമാരുമായി നടത്തുന്ന ഈ വർഷത്തെ ഹജിന് ദേശീയ പകർച്ചവ്യാധി പ്രതിരോധ കേന്ദ്രം പ്രത്യേക പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഈ മാസം 19 മുതൽ ദുൽഹജ് 12 വരെ മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ തസ്‌രീഹില്ലാതെ പ്രവേശനം നൽകില്ല. കോവിഡ് ലക്ഷണങ്ങൾ പ്രകടമായവരെ പരിശോധിക്കുകയും അവർക്ക് പ്രത്യേക ബസ്, റൂം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
രോഗലക്ഷണങ്ങളുള്ളവരെ ഹജിന് അനുവദിക്കില്ല. മാസ്‌ക് ധരിക്കുകയും എല്ലാ സ്ഥലങ്ങളിലും ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കുകയും വേണം. മൊബൈൽ, മുടിവെട്ടാനുള്ള ഉപകരണങ്ങൾ അടക്കം വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പങ്കുവെക്കരുത്. പ്രിന്റഡ് പേപ്പറുകൾ അനുവദിക്കില്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബോട്ടിലുകളിൽ സംസം വിതരണം ചെയ്യും. നേരത്തേയുള്ള സംസം കണ്ടെയ്‌നറുകൾ ഉണ്ടാവില്ല.
ഹജ് അവസാനം വരെ ഓരോ ഗ്രൂപ്പിനും പ്രത്യേകം ബസുകളും വ്യക്തികൾക്ക് പ്രത്യേകം സീറ്റ് നമ്പറുകളും നൽകും. ബസുകളിൽ ഇരുന്ന് യാത്ര ചെയ്യണം. ആർക്കെങ്കിലും കോവിഡ് ബാധ റിപ്പോർട്ട് ചെയ്താൽ ആ ബസ് അണുവിമുക്തമാക്കിയ ശേഷമേ യാത്ര തുടരുകയുള്ളൂ. സീറ്റ് കപാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉപയോഗിക്കാവൂ. മുടി വെട്ടുന്നവർ മാസ്‌കും കൈയുറയും ധരിക്കലടക്കം എല്ലാ വ്യവസ്ഥകളും പാലിക്കണം. പത്തിലധികം ഹാജിമാർ ഒരു ടെന്റിൽ പാടില്ല. ജംറകളിലെ കല്ലേറിന് അണുവിമുക്തമാക്കിയ കല്ലുകൾ പ്രത്യേക പാക്കറ്റുകളിൽ നൽകും. സാമൂഹിക അകലം പാലിച്ച് ഒരേ സമയം 50 പേരാണ് കല്ലേറിന് ജംറകളുടെ ഓരോ നിലകളിലും ഉണ്ടാവുക.
ത്വവാഫ് ചെയ്യുമ്പോഴും ഒന്നര മീറ്റർ അകലം പാലിക്കണം. ഹറമിനുള്ളിൽ എവിടെയും ആൾക്കൂട്ടം പാടില്ല. കഅ്ബയും ഹജറുൽ അസ്‌വദും തൊടാനോ ചുംബിക്കാനോ അനുവദിക്കില്ല. ബാരിക്കേഡുകളിൽ നിന്നും അകലം പാലിക്കണം. മസ്ജിദുൽ ഹറാമിൽ കാർപറ്റ് ഉണ്ടാവില്ല. എല്ലാവരും സ്വന്തം മുസ്വല്ല കൊണ്ടുവരണം. തഥ്മൻ, തവക്കൽനാ, തബാഉദ് ആപുകൾ എല്ലാവരും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. രോഗവിവരം മറച്ചുവെക്കരുതെന്നും നിബന്ധനകളിൽ പറയുന്നു.