കണ്ണൂര്‍- ബിജെപിയുടെ തീവ്ര ഹിന്ദുത്വ മുഖവും തീപ്പൊരിനേതാവുമായ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കണ്ണുരിലെത്തും. ചുവപ്പ് ഭീകരതയ്ക്കും ജിഹാദി ഭീകരതയ്ക്കുമെതിരെ എന്ന പ്രമേയത്തില്‍ ബിജെപി നടത്തുന്ന ജന രക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാണ് അദ്ദേഹം പങ്കെടുക്കക. വൈകീട്ട് കണ്ണൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും ആദിത്യനാഥ് പ്രസംഗിക്കും.
കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, ശിവ പ്രതാവ് ശുക്ല, ബിജെപി ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, കേരളത്തില്‍ നിന്നുള്ള ബിജെപി എംപിമാരായ സുരേഷ് ഗോപി, റിച്ചാഡ് ഹേ എന്നിവരും ഇന്ന് കണ്ണൂരില്‍ യാത്രയോടൊപ്പം ഉണ്ടാകും.
ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് യാത്ര ഉല്‍ഘാടനം ചെയ്തത്. പിന്നീട് മംഗലാപുരത്തേക്ക് തിരിച്ച അദ്ദേഹം നാളെ വീണ്ടും തിരിച്ചെത്തി യാത്രയില്‍ ചേരും. നാളെ മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെ കടന്ന് പോകുന്ന യാത്രയില്‍ ഷായുമുണ്ടാകും.
കേരളത്തിലൂടനീളം ബിജെപി സംഘടിപ്പിക്കുന്ന യാത്രയില്‍ വിവിധയിടങ്ങളിലായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.