ചെന്നൈ- തൂത്തുക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും മര്‍ദ്ദനത്തിനിരയായി മരിച്ച കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജയിലില്‍ തടവുകാരുടെ ആക്രമണം. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ തൂത്തുക്കുടി പെരൂറാനി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ജയില്‍ വാര്‍ഡന്‍മാരെത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. പെരൂറാനി ജയിലില്‍ 300 തടവുകാരെ പാര്‍പ്പിക്കാനുളള സൗകര്യമാണുളളത്. എന്നാല്‍ കോവിഡ് പശ്ചാത്തലമായതിനാല്‍ 80 പേര്‍ മാത്രമാണ് ജയിലിലുള്ളത്.
മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സാത്താന്‍കുളം എസ്.ഐ രഘു ഗണേഷിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. സി.ബി.സി.ഐ.ഡിയുടെയും ഐ.ജിയുടെയും എസ്.പിയുടെയും നേതൃത്വത്തില്‍ 12 അംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവര്‍ അറസ്റ്റിലായത്.
ലോക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരില്‍ ജൂണ്‍ 19ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്‌സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കളെത്തി. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.