കാണ്‍പുര്‍- കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയ തലവന്‍ വികാസ് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്‌നിഹോത്രി പോലീസ് പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെ അവിടെ എത്തിയിരുന്നു. എന്നാല്‍ പോലീസിന് നേരേ വെടിയുതിര്‍ത്ത് ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാലിന് വെടിവെച്ച് പോലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തി. ഇയാളില്‍നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദയാശങ്കര്‍ അഗ്‌നിഹോത്രിയും പ്രതിയാണ്. വികാസ് ദുബെയെ പിടികൂടാന്‍ പോലീസ് സംഘം വരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.