വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് റാപ് ഗായകന്‍ കന്യെ വെസ്റ്റ്. അഞ്ച് വര്‍ഷം മുമ്പ് 2015 ലെ എംടിവി വിഎംഎക്കിടെ പ്രസിഡന്റാകാന്‍ ഒരു കൈ നോക്കുമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.
ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ടും നമ്മുടെ കാഴ്ചപ്പാടിനെ ഏകീകരിച്ചുകൊണ്ടും ഭാവി കെട്ടിപ്പടുക്കണമെന്ന ആഹ്വാനത്തോടെയാണ് താന്‍ 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന് കന്യെ വെസ്റ്റ് ട്വീറ്റ് ചെയ്തത്. 2020 വിഷന്‍ എന്ന ഹാഷ് ടാഗും അമേരിക്കന്‍ പതാകയുടെ ഇമോജിയും സഹിതമാണ് ട്വീറ്റ്.
തന്റെ പേരു സഹിതമുള്ള ബാസ്‌കറ്റ് ബോള്‍ ഷൂ അഡിഡാസ് വിപണിയിലിറക്കിയതിനു പിന്നാലെ കഴിഞ്ഞ ഏപ്രിലില്‍ കന്യെ വെസ്റ്റ് ശതകോടീശ്വരനായിത്തീര്‍ന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നു.
താന്‍ യുഎസ് പ്രസിഡന്റാകുന്ന ഒരു കാലം വരുമെന്നും ഞങ്ങള്‍ സാംസ്‌കാരികമായി നിര്‍വഹിക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും കന്യെ വെസ്റ്റ് കഴിഞ്ഞ ഒക്ടോബറില്‍ ആപ്പിള്‍ മ്യൂസിക്കിന്റെ ബീറ്റ്‌സ് 1 ഷോക്കിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2016 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെസ്റ്റിനെ ആരാധകര്‍ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തിട്ടില്ലെന്നും പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ താന്‍ ട്രംപിന് വോട്ട് ചെയ്യുമായിരുന്നുവെന്നും കന്യെ വെസ്റ്റ് പിന്നീട് പറഞ്ഞിരുന്നു.
21 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ വെസ്റ്റ് ഹോളിവുഡ് മോഡലായ കിം കര്‍ദഷ്യാന്റെ ഭര്‍ത്താവാണ്. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.