ലഖ്‌നൗ- എട്ട് പോലീസുകാരെ വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ശനിയാഴ്ച രാവിലെയോടെയാണ് കാണ്‍പുര്‍ ജില്ലാ ഭരണകൂടം ജെ.സി.ബികള്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രി വികാസ് ദുബെയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിലെ എട്ടു പേരെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍പോയ വികാസ് ദുബെക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. 25 പ്രത്യേക സംഘങ്ങളെയാണ് വികാസ് ദുബെയെ കണ്ടെത്താനുള്ള അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണെന്നും കാണ്‍പുര്‍ ഐ.ജി. മോഹിത് അഗര്‍വാള്‍ പറഞ്ഞു.