ദുബായ്- ആഗോള കോവിഡ് വ്യാപനത്തിനിടയില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകാത്ത സാഹചര്യത്തില്‍ സ്വകാര്യ ജെറ്റുകളുടെ സര്‍വീസ് വര്‍ധിച്ചു.
ബിസിനസുകാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ് നേരത്തെ സ്വകാര്യ ജെറ്റുകളെ ആശ്രയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരും യുഎ.ഇ.യിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമാണ് പുതിയ ഉപയോക്താക്കളെന്ന് സ്വകാര്യ വിമാന കമ്പനികള്‍ പറയുന്നു.
യു.എ.ഇയില്‍നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നവരും പുതിയ ഉപയോക്താക്കളാണെന്ന് സ്വകാര്യ ജെറ്റ് ബ്രോക്കറേജ് കമ്പനിയായ എയര്‍ ചാര്‍ട്ടര്‍ റീജിയണല്‍ ഡയറക്ടര്‍ എലീ ഹന്നയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ യു.എ.ഇ അനുവദിച്ചതിനു പിന്നാലെ
കഴിഞ്ഞ മൂന്നാഴ്ചക്കിടെ തന്റെ കമ്പനി സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്ക് 12 വിമാനങ്ങളും വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് എമിറേറ്റുകളിലേക്ക് നിരവധി വിമാനങ്ങളും ഏര്‍പ്പാടാക്കിയെന്ന് എലീ ഹന്ന പറഞ്ഞു.
ആവശ്യക്കാര്‍ വര്‍ധിച്ചതോടെ അവരെ ചെറുഗ്രൂപ്പുകളാക്കി തിരിച്ചാണ് സ്വകാര്യ ജെറ്റുകള്‍ക്കുള്ള ചെലവ് ഷെയര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.