തെഹ്‌റാന്‍- ആണവ കേന്ദ്രങ്ങള്‍ക്കുനേരെ സൈബര്‍ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. നതാന്‍സ് പ്ലാന്റിലുണ്ടായ അഗ്നിബാധക്ക് കാരണം സൈബര്‍ അട്ടിമറിയാകമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിതിനു പിന്നാലെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യത്തോട് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് സിവിലിയന്‍ പ്രതിരോധ മേധാവിയുടെ മുന്നറിയിപ്പ്.
യു.എന്‍ ആണവ നിരീക്ഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐ.എ.ഇ.എ) പരിശോധകരുടെ നിരീക്ഷണത്തിലുള്ള നിരവധി ഇറാനിയന്‍ ആണവ കേന്ദ്രങ്ങളിലൊന്നാണ് നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ നിലയം.
ആണവ കേന്ദ്രത്തിലെ അഗ്നിബാധയുടെ കാരണം കണ്ടെത്തിയിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിയ ഇറാനിലെ ഉന്നത സുരക്ഷാ സമിതി ഉചിതമായ സമയത്ത് ഇക്കാര്യം പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.
മധ്യ ഇറാന്‍ പ്രവിശ്യയായ ഇസ്ഫഹാനിലെ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന നതാന്‍സിലുണ്ടായ സംഭവം വ്യാഴാഴ്ച രാവിലെയാണ് ഇറാന്‍ ആണവോര്‍ജ സംഘടന റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനു പിന്നാലെ ഇഷ്ടിക കെട്ടിടത്തിന്റെ മേല്‍ക്കൂരയും മതിലുകളും ഭാഗികമായി കത്തിനശിച്ച ഫോട്ടോ പ്രസിദ്ധീകരിച്ചു. കെട്ടിടത്തിനകത്ത് സ്‌ഫോടനമുണ്ടായതായി തെളിയിക്കുന്നതായിരുന്നു ഒരു വാതില്‍ തൂങ്ങിക്കിടക്കുന്ന ഫോട്ടോ.
സൈബര്‍ ആക്രമണങ്ങളോടുള്ള പ്രതികരണം രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും രാജ്യത്തിനുനേരെ നടന്നത് ഇത്തരം ആക്രമണമാണെന്ന് തെളിഞ്ഞാല്‍ പ്രത്യാക്രമണമുണ്ടാകുമെന്നും സിവില്‍ ഡിഫന്‍സ് മേധാവി ഗുലാം റിസ ജലാലി പറഞ്ഞു. ശത്രു രാജ്യങ്ങളാണ് അട്ടിമറിക്ക് പിന്നിലെന്ന് അമേരിക്കയേയും ഇസ്രായിലിനേയും പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന കുറിപ്പ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായി ഇര്‍ന പുറത്തിറക്കിയിട്ടുമുണ്ട്.
സൈബര്‍ ആക്രമണത്തിന്റെ ഫലമാണ് തീപിടിത്തമെന്ന് വിശ്വസിക്കുന്നതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞെങ്കിലും തെളിവുകളൊന്നും മുന്നോട്ടുവെച്ചിട്ടില്ല.
യുറേനിയം സമ്പുഷ്ടമാക്കുന്ന അതിലോലമായ സിലിണ്ടര്‍ മെഷീനുകളാണ് ലക്ഷ്യമിട്ടതെന്നും ഇറാന്റെ ശത്രുക്കള്‍ മുമ്പ് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും അവര്‍ പറയുന്നു.
അമേരിക്കയും ഇസ്രായേലും വികസിപ്പിച്ചെടുത്തതെന്ന് കരുതുന്ന സ്റ്റക്‌സ്‌നെറ്റ് കമ്പ്യൂട്ടര്‍ വൈറസ് നതാന്‍സ് കേന്ദ്രത്തില്‍ 2010 ല്‍ കണ്ടെത്തിയിരുന്നു.