കൊച്ചി - ശബരിമല വിമാനത്താവള നിർമാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനും നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാനുമുള്ള സർക്കാർ നടപടി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ജൂലൈ 21 വരെയാണ് സർക്കാർ നടപടികൾക്ക് സ്‌റ്റേ.
എസ്റ്റേറ്റ് കൈവശമുള്ള അയന ചാരിറ്റബിൾ സൊസൈറ്റി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റീസ് എ. ജയശങ്കരൻ നമ്പ്യാരുടെ ഇടക്കാല ഉത്തരവ്.
സർക്കാർ ഭൂമിയാണെങ്കിൽ കൈവശക്കാർക്ക് എന്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ചോദിച്ചു. ഭൂമി വിലയല്ല മറിച്ച് മരങ്ങൾ ഉൾെപ്പടെയുള്ള ചമയങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയാണ് കോടതിയിൽ കെട്ടിവയ്ക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം തെളിയിക്കാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് മുൻകൈവശക്കാരായ ഹാരിസൺ മലയാളം കമ്പനി സമർപ്പിച്ച ഹരജിയിൽ നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്ന് ഹരജി ഭാഗം വാദിച്ചു. ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമസ്ഥവകാശ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ നഷ്ട പരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് നിയമ വ്യവസ്ഥയെന്നും സർക്കാർ വിശദീകരിച്ചു. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാതെ നേരിട്ട് കൈമാറണമെന്നാണ് നിലവിലെ കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആവശ്യം. കേസ് വിശദമായ വാദത്തിനായി ജൂലൈ 21 ലേക്ക് മാറ്റി.