ന്യുഡൽഹി- മതംമാറ്റ വിവാഹത്തെ തുടർന്ന് വിവാദമായ ഹാദിയ കേസ് ഇന്നു പരിഗണിച്ച സുപ്രീം കോടതി ശ്രദ്ധേയമായ ചില ചോദ്യങ്ങൾ ഉന്നയിച്ചതോടെ കേസിൽ സംഭവിച്ചത് വൻ വഴിത്തിരിവ. ഹാദിയ കേസിൽ ഭർത്താവ് ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെ ശരിയായ ദിശയിലേക്ക് നയിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ഭരണഘടനയുടെ 226ാം വകുപ്പു പ്രകാരം ഹൈക്കോടതിക്ക് ഹാദിയയുടെ ഷെഫിനുമായുള്ള വിവാഹം റദ്ദാക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്നും അവളുടെ ആഗ്രഹത്തിനു വിരുദ്ധമായി അച്ഛന് അവളെ തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോടതിയിൽ നടന്നത്
ഷെഫിൻ ജഹാനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രിംകോടതിയുടെ ആദ്യ വിധിയെ തുടക്കത്തിൽ തന്നെ ചോദ്യം ചെയ്തു. ഈ കേസിൽ ഹർജിയുമായി കോടതിയെ സമീപിച്ചത് സർക്കാരോ ഹാദിയയുടെ അച്ഛനോ അല്ല, തങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് ഒരു ബഹുമത സമൂഹത്തിന്റെ അടിത്തറയിളക്കുന്നതാണെന്നും ലോകത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും അദ്ദേഹം വാദിച്ചു.
ബിജെപിയുടെ മുതിർന്ന രണ്ട് മുസ്ലിം നേതാക്കൽ ഹിന്ദു വിശ്വാസികളെ വിവാഹം ചെയ്തിട്ടുണ്ട്. ഇതിനെ ലൗ ജിഹാദ് എന്നു വിശേഷിപ്പിച്ച് ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരിവിടുമോ എന്നു വരെ ദവേ കോടതിയോട് ചോദിച്ചു. ഉടൻ തന്നെ ബെഞ്ച് ഇടപെട്ട് നിയമത്തിനുള്ളിൽ നിന്നു കൊണ്ട് യുക്തിസഹമായ വാദങ്ങൾ മതിയെന്ന് അഭിഭാഷകനെ ഉണർത്തി.
എന്നാൽ കേരളത്തിൽ വളർന്നുവരുന്ന പുതിയൊരു ക്രമവുമായി (ലൗ ജിഹാദ്) ഈ കേസിനു ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാൻ എൻ ഐ എ അന്വേഷണം ആവശ്യമായിരുന്നുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുസാർ മേത്ത പറഞ്ഞു. ഷെഫിനു വേണ്ടി നേരത്തെ ഹജാരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എൻ ഐ എ അന്വേഷണത്തെ എതിർത്തിരുന്നില്ലെന്നും അതുകൊണ്ട് തന്നെ സമ്മതത്തോടെയുള്ള ഉത്തരവായിരുന്നുവെന്നും മേത്ത പറഞ്ഞു. കൊൽക്കത്തയിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനുള്ളതിനാൽ കപിൽ സിബൽ ഇന്ന് കോടതിയിൽ എത്തിയിരുന്നില്ല.
ഈ കേസിൽ ഇന്നുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു നീക്കം ഹാദിയയെ സന്ദർശിക്കാൻ അനുതി തേടി കേരള വനിതാ കമ്മീഷൻ സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കാൻ കോടതി സമ്മതിച്ചു എന്നതാണ്. അഭിഭാഷകൻ പി വി ദിനേശ് മുഖേനയാണ് കമ്മീഷൻ അപേക്ഷ നൽകിയത്. തന്റെ സ്വന്തം തീരുമാനപ്രകാരമാണ് ഷെഫിനെ വിവാഹം ചെയ്തതെന്നും തന്നെ വീ്ട്ടിൽ തടവിലിട്ടിരിക്കുകയാണന്നും ഹാദിയ പറയുന്ന വീഡിയോ ഒരു സാമൂഹിക പ്രവർത്തകൻ ഈയിടെ പുറത്തു വിട്ട പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്റെ ഇടപെടൽ. ഹാദിയയെ സന്ദർശിക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും കമ്മീഷനു കോടതി അനുമതിയും നൽകി. സീൽ ചെയ്ത കവറിൽ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. (രാഹുൽ ഈശ്വറാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തിരുന്നത്. ഇതും നിർണായകമായി.)
ഇവിടെയാണ് ബെഞ്ചിനു നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. 'ഈ പെൺകുട്ടിക്ക് 24 വയസ്സുണ്ടെന്ന കാര്യം വ്യക്തമാണ്. നിർബന്ധിതയായി അച്ഛന്റെ കസ്റ്റഡിയിൽ അവൾ കഴിയേണ്ടതില്ല. അവൾക്ക് ഒരു രക്ഷാകർത്താവിനെ നിയോഗിക്കുന്ന കാര്യം ഞങ്ങൾ ആലോചിക്കും,' ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ നടന്നു വരുന്ന എൻ ഐ എ അന്വേഷണം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഷെഫിന്റെ ഹർജിയിലും വാദം കേൾക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
ഒരു ഹിന്ദു പെൺകുട്ടി ഇസ്ലാം സ്വീകരിക്കുകയും പിന്നീട് മുസ്ലിം യുവാവിനെ വിവാഹം ചെയ്യുകയും ചെയ്ത സംഭവം എൻ ഐ എ അന്വേഷിക്കണമെന്ന് ഓഗസ്റ്റ് 16ന് സുപ്രീം കോടതി ഉത്തരവിട്ട് ഒരു മാസത്തിനു ശേഷം പുതിയ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് എൻ ഐ എ അന്വേഷണം നിർത്തണമെന്നാവശ്യപ്പെട്ട് സെപ്തംബർ 19ന് ഷെഫിൻ പുതിയ ഹർജി നൽകിയത്. മതംമാറിയത് തന്റെ സ്വന്തം തീരുമാനപ്രകാരമാണെന്നും മാതാപിതാക്കൾ തന്നെ തടവിലിട്ട് പീഡിപ്പിക്കുകയാണെന്നും ഹാദിയ പറയുന്ന വീഡിയോ പുറത്തു വന്ന ശേഷമായിരുന്നു ഇത്.
മുൻ ജഡ്ജ് ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് മുൻ ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലുള്ള ബെഞ്ചായിരുന്നു ഉത്തരവിട്ടത്. എന്നാൽ തിരക്കുകൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ പിന്മാറി. എങ്കിലും അന്വേഷണവുമായി എൻ ഐ എ മുന്നോട്ടുപോകുകയും ചെയ്തു.
ഹാദിയയുടെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റവും പിന്നീടു നടന്ന വിവാഹവും ഗൂഢമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മേയ് 25-ന് ഇവരുടെ വിവാഹം റദ്ദാക്കിയത്. ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണയിൽ വിടുകയും ചെയ്തു. ഇതു ചോദ്യം ചെയ്താണ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ വലിയ ഗൂഢാലോചനകൽ പിന്നിലുണ്ടോ എന്നു പരിശോധിക്കുന്നതിനു വേണ്ടി കേസ് ഫയലുകൾ എൻ ഐ എക്കു കൈമാറാനും കോടതി കേരള പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.