പാഞ്ചുകുല- വിവാദ സന്യാസിയും ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നയാളുമായ രാം റഹീം സിംഗിന്റെ സഹായി ഹണി പ്രീത് ഇൻസാനിനെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഇവർ ഒളിവിലായിരുന്നു. ചണ്ഡീഗഡിന് സമീപം ഹൈവേയിൽ വെച്ചാണ് ഹണി പ്രീതിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുതൽ വിവിധ ചാനലുകളിൽ ഹണിപ്രീത് പ്രത്യക്ഷപ്പെട്ടിരുന്നു. താൻ നിരപരാധിയാണെന്നും റാം റഹീം തനിക്ക് അച്ഛനെ പോലെയാണെന്നുമാണ് ഗുരുപ്രീത് പറഞ്ഞത്. തന്റെയും അച്ഛന്റെയും പേരിലുള്ള വ്യാജ ആരോപണങ്ങളിൽ മനംനൊന്തുവെന്നും നിരാശയാണെന്നും ന്യൂസ് 24 ചാനലിന് നൽകിയ അഭിമുഖത്തിൽ ഹണി പ്രീത് പറഞ്ഞിരുന്നു.
റാം റഹീമിനെ ജയിലിലേക്ക് അയക്കുന്നതിനിടെ രക്ഷപ്പെടുത്തുന്നതിനും കലാപമുണ്ടാക്കുന്നതിന് പ്രേരണ ചെയ്തുവെന്നുമുള്ള കുറ്റമാണ് ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
ഓഗസ്റ്റ് 24 മുതലാണ് ഹണി പ്രീതിനെ കാണാതായത്. റാം റഹീമിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഹെലികോപ്റ്ററിൽ ഇവരുമുണ്ടായിരുന്നു. 36-കാരിയായ ഹണി പ്രീതിന്റെ യഥാർഥ പേര് പ്രിയങ്ക എന്നാണ്. പപ്പയുടെ മാലാഖ എന്നാണ് അവർ അവരെ സ്വയം വിളിച്ചിരുന്നത്. 2009 മുതലാണ് റാം റഹീമിനൊപ്പം ചേർന്നത്. റാം റഹീം അഭിനയിച്ച അഞ്ചു സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.