Sorry, you need to enable JavaScript to visit this website.

ക്വാറന്റൈനിൽ കഴിയുന്നവരോട് മനുഷ്യത്വ സമീപനം സ്വീകരിക്കണം-മുഖ്യമന്ത്രി

തിരുവനന്തപുരം- ക്വാറന്റൈനിൽ കഴിയുന്നവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്യദേശങ്ങളിൽ നിന്നും അനവധി കഷ്ടപ്പാടുകൾ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളിൽ ചിലർക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളാണ്. ക്വാറൻറൈനിൽ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയിൽ അവരെ അകറ്റിനിർത്തുക തുടങ്ങിയ വാർത്തകളാണ് വന്നത്.

ഇന്ന് കണ്ടത് കോട്ടയത്തുനിന്നുള്ള വിഷമകരമായ ഒരു അനുഭവമാണ്. ബംഗളൂരുവിൽനിന്ന് എത്തി 14 ദിവസം ക്വാറൻറൈൻ പൂർത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും വീട്ടിൽ കയറാനാകാതെ തെരുവിൽ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവിൽ അവർ കലക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് വാർത്ത. ഇത്തരം അനുഭവങ്ങൾ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓർക്കണം.

എവിടെയാണ് മനുഷ്യത്വം. സാധാരണ നിലയ്ക്ക് ക്വാറൻറൈനിൽ കഴിഞ്ഞ് മറ്റ് അപകടങ്ങൾ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിർത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിർത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയിൽ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിൻറെ പൊതുവായ നിലയ്ക്ക് അപകീർത്തികരമാണ് എന്നത് അത്തരം ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താൻ സമൂഹം സ്‌നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.

വിദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകുകയുമാണ് ഈ നാടിൻറെ ഉത്തരവാദിത്വം. അതിനു പകരം അവരെ വീട്ടിൽ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികൾ മനുഷ്യർക്കു ചേർന്നതല്ല. വരുന്നവരിൽ ചിലർക്ക് രോഗബാധയുണ്ടാകാം. അത് പകരാതിരിക്കാനാണ് ക്വാറൻറൈൻ. ആരോഗ്യവകുപ്പിൻറെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ക്വാറൻറൈൻ നടപ്പിലാക്കിയാൽ രോഗം പകരാതെ തടയാൻ സാധിക്കും.

ക്വാറൻറൈൻ എന്നത് ക്വാറൻറൈനിൽ കഴിയുന്നവർക്ക് വിഷമം ഉള്ള കാര്യം തന്നെയാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ദിവസങ്ങളോളം മുറിയിൽ അടച്ചിരിക്കേണ്ടിവരികയാണ്. രോഗം ഇല്ലെങ്കിൽ കൂടി നമ്മുടെ സഹോദരങ്ങൾ അതിനു തയ്യാറാകുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിൻറെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുൾപ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളിൽ വലിയൊരു ശതമാനവും വരുന്നത്. അവർക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നൽകാൻ നാമാകെ ബാധ്യസ്ഥരാണ്. ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകൾ ഒഴിവാക്കുക എന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

കോവിഡ് രോഗവ്യാപനത്തിൻറെ സ്വഭാവം മനസ്സിലാക്കിയാണ് ഗാർഹിക സമ്പർക്ക വിലക്ക് സർക്കാർ നിഷ്‌കർഷിച്ചത്. പുറമേ നിന്ന് വരുന്നവർ പ്രത്യേക മുറിയിൽ താമസിച്ച് റൂം ക്വാറൻറൈനിലാണ് ഏർപ്പെടേണ്ടത്. വീട്ടിലുള്ളവർ മാസ്‌ക് ധരിക്കുകയും പുറമേ നിന്ന് വരുന്നവരുമായി ശാരീരിക അകലം പാലിക്കുകയും വേണം. ക്വാറൻറൈനിൽ ഏർപ്പെടുന്നവരെ സഹായിക്കാനായി വാർഡ്തല കമ്മറ്റികളും ദിശ ആരോഗ്യ ഹെൽപ്പ്‌ലൈനും ഇസഞ്ജീവിനി ടെലിമെഡിസിൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗം ഭേദമായാൽ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിർത്തുന്ന ചില സംഭവങ്ങൾ ഉണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.

ഈ മഹാമാരിയെ തടുത്തുനിർത്താൻ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയർത്തിപ്പിടിച്ചാൽ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവർ ഓർക്കേണ്ടത് നാളെ ഈ രോഗം ആർക്കും വരാം എന്നാണ്. ശത്രുക്കൾ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

ക്വാറൻറൈനിൽ കഴിയുന്നവർ വിലക്ക് ലംഘിച്ച് പുറത്തുപോകാൻ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും. അതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News