ഭോപ്പാല്‍- നിയമസഭാംഗങ്ങളല്ലാത്ത 14 പേരെ മന്ത്രിമാരാക്കിയ മധ്യപ്രദേശില്‍, കടുവ ഇപ്പോഴും ഇവിടെയുണ്ടെന്ന് തെളിഞ്ഞതായി ബി.ജെ.പിയിലേക്ക് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യ. അത് കടലാസ് കടുവയാണോ സര്‍ക്കസ് കടുവയാണോ എന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ പരിഹാസം.
മധ്യപ്രദേശിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നിയമസഭയില്‍ അംഗത്വം നേടുന്നതിന് മുമ്പ് തന്നെ 14 പേര്‍ മന്ത്രിമാരാകുന്നത്. വ്യാഴാഴ്ച നടന്ന മധ്യപ്രദേശ് മന്ത്രിസഭാ പുന:സംഘടനയില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളില്‍ 12 പേരാണ് മന്ത്രിമാരായത്.
മാസങ്ങളുടെ നിശബ്ദതക്കും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്‍ നിരയിലേക്ക് താന്‍ വരുന്നെന്ന് സിന്ധ്യ പ്രഖ്യാപിച്ചു. 'കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു' കമല്‍നാഥും ദിഗ്‌വിജയ് സിംഗുമടക്കമുള്ള തന്റെ മുന്‍ സഹപ്രവര്‍ത്തകരെ ലക്ഷ്യംവച്ചു് സത്യപ്രതിജ്ഞാ ചടങ്ങില്‍ സിന്ധ്യ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിന്ധ്യ ആഞ്ഞടിച്ചു. 'കമല്‍നാഥില്‍ നിന്നോ ദിഗ് വിജയ് സിംഗില്‍ നിന്നോ എനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. 15 മാസത്തിനുള്ളില്‍ അവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കൊള്ളയടിച്ചതെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വസ്തുതകളുണ്ട്. അനീതിക്കെതിരെ പോരാടേണ്ടത് തങ്ങളുടെ കടമയാണ്. യുദ്ധമാണെങ്കില്‍പോലും ജ്യോതിരാദിത്യ സിന്ധ്യ മുന്‍നിരയിലുണ്ടാകും. കഴിഞ്ഞ രണ്ടു മാസമായി ചില ആളുകള്‍ എന്നെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അവരോട് പറയാന്‍ ആഗ്രഹമുണ്ട് 'ടൈഗര്‍ അഭി സിന്ദാ ഹേ' (കടുവ ഇപ്പോഴും ജീവനോടെയുണ്ട്)' സിന്ധ്യ പറഞ്ഞു.
ഇതിനുള്ള മറുപടിയായാണ് കമല്‍ നാഥിന്റെ പരിഹാസം.