കാണ്‍പുര്‍- ഉടമ മരിച്ചതിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി വളര്‍ത്തുനായ ജീവനൊടുക്കി. കാണ്‍പുരിലെ ബാര2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിംഗ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്‌മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെ ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു ചാടി ചത്തു.
ഡോ. അനിതരാജിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയായിരുന്നു ജയ. പന്ത്രണ്ട് വര്‍ഷം മുന്‍പ് തെരുവില്‍നിന്ന് കിട്ടിയതാണ്. ജയ എന്നു പേരും ഇട്ടു. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഡോക്ടര്‍ അതിനെ വളര്‍ത്തിയതെന്ന് മകന്‍ തേജസ് പറയുന്നു.
അനിതയുടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറി, താഴേയ്ക്കു ചാടുകയായിരുന്നെന്ന് തേജസ് പറയുന്നു.
നാലു നില കെട്ടിടത്തിനു മുകളില്‍നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോ. അനിതയുടെ ശവസംസ്‌കാരത്തിനു പിന്നാലെ വളര്‍ത്തുനായയുടെ മൃതദേഹവും വീടിനടുത്ത് സംസ്‌കരിച്ചു.