ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്ക് സന്ദര്‍ശിച്ചു. ചൈനയുമായുള്ള സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നത്. അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ അദ്ദേഹം അതിര്‍ത്തിയിലെത്തിയത്. ലഡാക്കിലെ സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തുമായി ടെന്റില്‍ ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് തന്നെ പ്രധാനമന്ത്രി മോഡി ലഡാക്കില്‍ നിന്ന് മടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള സൈനികരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ലഡാക്കില്‍ ചൈനയ്ക്ക് ഉചിതമായ പ്രതികരണമാണ് ഇന്ത്യ നല്‍കിയതെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ആഴ്ച തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു.'ലഡാക്കിലെ ഇന്ത്യന്‍ പ്രദേശം നോക്കിയവര്‍ക്ക് ഉചിതമായ പ്രതികരണമാണ് ലഭിച്ചത്. സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യക്ക് അറിയാമെങ്കില്‍, അത് ആരെയെങ്കിലും അഭിമുഖീകരിക്കാനും മതിയായ പ്രതികരണം നല്‍കാനും കഴിയും. നമ്മുടെ ധീരരായ സൈനികര്‍ വ്യക്തമാക്കുന്നത് അവര്‍ ആരെയും നേരിടാന്‍ സാധിക്കുമെന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.