കൊച്ചി- ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഹാദിയയുടെ കാര്യത്തിൽ അച്ഛന് മാത്രമാണ് സംരക്ഷണാവകാശം എന്ന് പറയാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 24 വയസായ ഒരാൾക്ക് തന്റെ കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സുരക്ഷിതമായ മറ്റൊരിടത്തേക്ക് ഹാദിയയെ മാറ്റാന്‍ ഉത്തരവിടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹാദിയ കേസിൽ എൻ.ഐ.എ അന്വേഷണത്തെ എതിർത്ത് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ പരാതിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് കേരള സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിവെച്ചു.
ഹാദിയയുടെ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അവകാശമുണ്ടോ എന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. വിവാഹം കഴിച്ചത് സംബന്ധിച്ച് എൻ.ഐ.എ അന്വേഷണം അപഹാസ്യമാണെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവേ വാദിച്ചു. ബി.ജെ.പി നേതാക്കൾ മറ്റ് മതങ്ങളിലുള്ളവരെ കല്യാണം കഴിച്ച സംഭവങ്ങളും എൻ.ഐ.എ അന്വേഷിക്കുമോ എന്ന് ദുഷ്യന്ത് ദവേ ചോദിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയുത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നും ഹരജിയിലുണ്ടായിരുന്നു.