ലഖ്‌നൗ- മൊബൈല്‍ ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയായ അനുപമ ജയ്‌സ്വാള്‍ ആണ് പുതിയ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചതിന് പിന്നാലെയാണ് അനുപമയുടെ ഈ പ്രഖ്യാപനം.
മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന അനുപമയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്.
ചൈന ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍29നാണ് ടിക് ടോക്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍ തുടങ്ങി 59 ആപ്പുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്.ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഈ ആപ്ലിക്കേഷന്‍ രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.