ലാസ്‌വെഗാസ്- ഉറങ്ങാത്ത നഗരമായ ലാസ്‌വെഗാസിലെ ചൂതാട്ട കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി. 500 ലെറെ പേര്‍ക്ക് പരിക്കുണ്ട്. ഭീകരസംഘടനയായ ഐ.എസ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തെങ്കിലും അന്താരാഷ്ട്ര ഭീകര സംഘടനക്ക് ബന്ധമില്ലെന്ന് യു.എസ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തിനുശേഷം സ്വയം ജീവനൊടുക്കിയ സ്റ്റീഫന്‍ പെഡോക്കിന് ഏതെങ്കിലും അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ് ബി ഐയും പോലീസും വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന് പഡോക്കിനെ പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ലാസ് വേഗസ് സ്ട്രിപ്പിലെ മന്‍ഡലേ ബേ ഹോട്ടലിന്റെ 32-ാം നിലയിലെ തന്റെ മുറിയിലിരുന്നാണ് ആയിരക്കണക്കിനാളുകള്‍ തിങ്ങിക്കൂടിയ സംഗീത പരിപാടിക്കു നേരെ പഡോക്ക് വെടിയുതിര്‍ത്തത്. ഞായറാഴ്ച അമേരിക്കന്‍ സമയം രാത്രി 10.08-നാണ് സംഭവം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമി കഴിയുന്ന ഹോട്ടല്‍ മുറിയിലെത്തിയെങ്കിലും അയാള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തങ്ങള്‍ അവിടെ എത്തുന്നതിനു മുമ്പ് തന്നെ പെഡോക് സ്വയം വെടിവച്ചു മരിച്ചിരുന്നുവെന്ന് ലാസ് വെഗാസ് ക്രമസമാധാന ചുമതലയുള്ള ജോസഫ് ലൊംബാര്‍ഡോ പറഞ്ഞു.