ന്യൂദല്‍ഹി- ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് പൗരന്മാരുടെ വിവരങ്ങള്‍ സംരക്ഷിക്കാനെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണം പൗരന്മാരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇതൊരു ഡിജിറ്റല്‍ സമരമാണെന്നും ടെലികോം ഐടി വകുപ്പ്മന്ത്രി അറിയിച്ചു. ഇത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി നിരോധനത്തെ ചൈനക്ക് എതിരായ സമരം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് ഇതുവരെ നിലകൊണ്ടത്. ആരെങ്കിലും ദുഷ്ടലാക്കോടെ പെരുമാറിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ടിക് ടോക്, യുസി ബ്രൗസര്‍,കാംസ്‌കാനര്‍,വിചാറ്റ്,വെയ്‌ബോ,ബൈദു മാപ്പ്,എക്‌സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ജനപ്രിയ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഈ ചൈനീസ് ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും കാണിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടിയെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
ചൈനീസ് കമ്പനികള്‍ തങ്ങളുടെ ഹാര്‍ഡ് വെയറിലും സോഫ്റ്റ് വെയറിലും ബാക്ക്‌ഡോര്‍ നിര്‍മിക്കുന്നതായി പണ്ടേ സംശയം ഉയര്‍ന്നിരുന്നു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും ചൈനീസ് നിര്‍മിത 5ജി നെറ്റ്‌വര്‍ക്കിങ്ങ് ഉപകരണങ്ങള്‍ വിന്യസിക്കാനുള്ള സാധ്യതയെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.