Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശ് കാബിനറ്റില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സിന്ധ്യ വിഭാഗത്തിന് മുന്‍തൂക്കം,ബിജെപി എംഎല്‍എമാര്‍ അതൃപ്തിയില്‍

ഭോപ്പാല്‍- മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ഇരുപത്തിയെട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ് ഗവര്‍ണറും മധ്യപ്രദേശിന്റെ കൂടി ചാര്‍ജുമുള്ള ആനന്ദിബെന്നിന്റെ സാന്നിധ്യത്തിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയില്‍ വ്യക്തമായ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ ജ്യോതിരാദിത്യസിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ ഭൂരിപക്ഷവുമെന്നാണ് വിലയിരുത്തല്‍.

ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായിയും ബിജെപി എംഎല്‍എയുമായ യശോദര രാജെ സിന്ധ്യയും മന്ത്രിസഭയിലുണ്ട്. ബിജെപി എംഎല്‍എമാരും സിന്ധ്യയുടെ വിശ്വസ്തരുമായ ഗോപാല്‍ ഭാര്‍ഗവ,ഇമാര്‍ത്ഥി ദേവി,പ്രഭുറാം ചൗധരി,പ്രത്യുമാന്‍ സിങ് തോമര്‍ എന്നിവരും മന്ത്രിസഭയില്‍ ഇടംനേടി. മാര്‍ച്ച് മുതല്‍ കാബിനറ്റ് വിപുലീകരണം പൂര്‍ത്തിയായിരുന്നില്ല. ഏപ്രില്‍ പകുതി മുതല്‍ അഞ്ച് മന്ത്രിമാരുമായാണ് സഭ പ്രവര്‍ത്തിച്ചത്.

 രാജ്യസഭാ തെരഞ്ഞെടുപ്പും കോവിഡ് പ്രതിസന്ധിയുമാണ് കാബിനറ്റ് വിപുലീകരണം വൈകിയതിന്റെ കാരണമായി ബിജെപി അറിയിച്ചത്. എന്നാല്‍ മുന്‍ കോണ്‍ഗ്രസുകാരും ബിജെപിയിലേക്ക് കൂറുമാറിയെത്തിയവരുമായ ബിജെപി എംഎല്‍എമാരുമായി നിലവിലെ കോണ്‍ഗ്രസ് പ്രതിപക്ഷം എങ്ങിനെ ഒത്തുപോകുമെന്നതാണ് ഇനി കാണേണ്ടത്. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി സിന്ധ്യക്ക് ഒപ്പം ബിജെപിയിലെത്തിയവര്‍ക്ക് മന്ത്രിസഭയില്‍ മുന്‍തൂക്കം നല്‍കിയത് നിലവില്‍ ബിജെപി അംഗങ്ങള്‍ക്ക് ഇടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
 

Latest News