ലണ്ടൻ- അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഭാഗം കൂട്ടിച്ചേർക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഇസ്രായേലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് മുന്നറിയിപ്പ് നല്കി.
ഇതു നിയമവിരുദ്ധവും രാജ്യ താൽപര്യത്തിന് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനുവേണ്ടി പ്രതിരോധിക്കാനിറങ്ങുന്നയാളാണ് താനെങ്കിലും ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇസ്രായേൽ ദിനപത്രമായ യെദിയോത് അഹ്റോനോത്തിൽ എഴുതിയ കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
ജോർഡൻ താഴ്വര ഉൾപ്പെടുന്ന വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കുന്ന നടപടി ഇസ്രായേല്‍ തല്ക്കാലം നിർത്തിവെച്ചിരിക്കയാണ്. യു.എൻ സെക്രട്ടറി ജനറലും യൂറോപ്യൻ യൂനിയനും അറബ് രാജ്യങ്ങളും കടുത്ത വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കൂട്ടിച്ചേർക്കൽ പദ്ധതി താൽകാലികമായി നിർത്തിവെക്കാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസുമായി കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
വൈറ്റ് ഹൗസ് പ്രതിനിധി ബെർകോവിറ്റ്സുമായും ഇസ്രായേലിലെ യു.എസ്. അംബാസഡർ ഡേവിഡ് ഫ്രൈഡ്മാനും നെതന്യാഹു ചർച്ച നടത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഏതൊക്കെ പ്രദേശങ്ങൾ കൂട്ടിച്ചേർക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ ചർച്ചകൾ ആവശ്യമാണെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേല്‍ പരാമാധികാരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചർച്ചയിൽ ഉന്നയിക്കപ്പെട്ടതെന്നും വരും ദിവസങ്ങളിൽ ഇതിനായി നടപടികൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.