ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ പ്രധാന ആഘോഷങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ അടുത്ത മാസം വരാനിരിക്കുന്ന ഈദാഘോഷം വിട്ടുകളഞ്ഞു. 17.2 കോടി വരുന്ന മുസ്്‌ലിംകളുടെ രണ്ട് ആഘോഷങ്ങളിലൊന്നായ ബക്രീദ് വിസ്മരിച്ചത് മനഃപൂര്‍വമാണെന്ന് വിവിധ കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്നു.
ഗുരു പൂര്‍ണിമ, ഗണേശ ചതുര്‍ത്ഥി, ദീപാവലി, ദുര്‍ഗ പൂജ, ഛാത്ത് പൂജ, കതി ബിഹു തുടങ്ങി വരാനിരിക്കുന്ന എല്ലാ ഉത്സവങ്ങളുടെയും പേരുകള്‍ നരേന്ദ്ര മോഡി പറഞ്ഞിരുന്നു. സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ അവസാനം വരെ നീട്ടുമെന്ന് പ്രഖ്യാപിച്ച മോഡി ഗോതമ്പ്, അരി, കടല തുടങ്ങിയവ ഓരോ കുടുംബത്തിനും എത്രമാത്രം ലഭിക്കുമെന്നും വിശദീകരിച്ചിരുന്നു. അതേസമയം, ഈദിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.
അടുത്ത മാസം മുതല്‍ ഉത്സവങ്ങളും ആഘോഷങ്ങളും വരാനിരിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം 15 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ആഘോഷങ്ങള്‍ എണ്ണി പറഞ്ഞത്. വരാനിരിക്കുന്ന ഏറ്റവും അടുത്ത ഉത്സവമാണ് ഗുരു പൂര്‍ണിമ, തുടര്‍ന്ന് രക്ഷാബന്ധന്‍, ഗണേഷ് ചതുര്‍ത്ഥി, ജന്മാഷ്ടമി എന്നിവയെല്ലാം ഓഗസ്റ്റ് മാസത്തിലാണ്. എന്നാല്‍ ദീപാവലി, ദുര്‍ഗ പൂജ, കതി ബിഹു എന്നിവ വരെ പറഞ്ഞ മോഡി ജൂലൈ 31 നോ ഓഗസ്റ്റ് ഒന്നിനോ ആകാന്‍ സാധ്യതയുള്ള ബക്രീദ് പൂര്‍ണമായും ഒഴിവാക്കി.
തന്റെ പ്രസംഗത്തില്‍ ചന പോലും ചൂണ്ടിക്കാണിച്ച മോഡി ഈദ് പരാമര്‍ശിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും പ്രധാനമന്ത്രിക്ക് ഈദ് മുബാറക്ക് നേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മോഡിയുടെ സബ്കാ സാത് സബ് വികാസ് എന്ന അവകാശവാദത്തെയാണ് ഈദിനെ വിസ്മരിച്ച കാര്യം ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോഡി ഈദിനെ ഉള്‍പ്പെടുത്താതിരുന്നത് മനഃപൂര്‍വമാണെന്നും മുസ്്‌ലിം വികാരം വ്രണപ്പെടുത്താനും അവരെ അവഗണിക്കാനുമുള്ള ശ്രമമാണെന്നും ദ പ്രിന്റില്‍
അപൂര്‍വ മന്ദാനി ആരോപിക്കുന്നു. പ്രസംഗത്തില്‍ മോഡി സാധാരണ വിശദാംശങ്ങള്‍ ഒഴിവാക്കാറില്ലെന്നും നേരത്തെ അദ്ദേഹം ഈദാശംസകള്‍ ട്വീറ്റ് ചെയ്തിരുന്നത് അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണെന്നും കുറിപ്പില്‍ പറയുന്നു.
മോഡിയുടെ പ്രസംഗങ്ങളില്‍ അപൂര്‍വമായി മാത്രമേ മുസ്്‌ലിംകളേയും ക്രിസ്ത്യാനികളേയും ഉള്‍പ്പെടുത്താറുള്ളൂവെന്നും ഹിന്ദുരാഷ്ട്രം സ്വപ്നം കാണുന്നവരെ തൃപ്തിപ്പെടുത്താനാണിതെന്നും അപൂര്‍വ മന്ദാനി ആരോപിക്കുന്നു.