ചേർത്തല- കുപ്രസിദ്ധ ഗുണ്ടാനേതാവ് കുഞ്ചൻ രാഗേഷിനെയും കൂട്ടാളികളായ മൂന്നംഗ സംഘത്തെയും ചേർത്തല പോലീസ് പിടികൂടി. വസ്തു തർക്കവുമായി ബന്ധപ്പെട്ട് ചേർത്തലയിലെ ഒരാളെ വകവരുത്തുന്നതിന്റെ ക്വട്ടേഷൻ എടുത്താണ് ഇവർ സ്ഥലത്തെത്തിയത്. മൂന്ന് കൊലപാതകകേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ തൃശൂർ നെല്ലായി പഞ്ചായത്ത് വയലൂർകൈപ്പള്ളി ഭവനിൽ കുഞ്ചൻ എന്നുവിളിക്കുന്ന രാഗേഷ് (43), എറണാകുളം ഞാറക്കൽ പണിക്കശ്ശേരി വീട്ടിൽ ലെനീഷ് (33), ഞാറക്കൽ കൊച്ചുവേലിക്കകത്ത് ജോസഫ് ലിബൻ (25) വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാം (34) എന്നിവരെയാണ് ചേർത്തല പോലീസ് സ്‌റ്റേഷൻ ഓഫീസർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ചേർത്തല അരീപ്പറമ്പ് സ്വദേശിയായ സുപ്രീം കോടതി വക്കീൽ നല്കിയ ക്വട്ടേഷൻ അനുസിരിച്ച് ചേർത്തലയിലെത്തിയതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. വസ്തു തർക്കവുമായി ബന്ധപ്പെട്ട് ചേർത്തല നഗരസഭ 21ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷിനെ (48) വധിക്കാനായാണ് ക്വട്ടേഷൻ സംഘം ചേർത്തലയിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അരീപ്പറമ്പിലെത്തിയ സംഘം സുരേഷിനെ തലയ്ക്ക് വെട്ടി. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പോലീസ് പറയുന്നത്: സുരേഷും അഭിഭാഷകനായ ബാലകൃഷ്ണപിള്ളയും ബന്ധുക്കളും അയൽക്കാരുമാണ്. സുരേഷിന്റെ വീട്ടിലേക്കുള്ള വഴിയുടെ പേരിൽ തർക്കം നിലവിലുണ്ട്. ഈ കേസിൽ സ്ഥല പരിശോധനക്കായി അഡ്വക്കേറ്റ് കമ്മീഷൻ ഇന്നലെ സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പുനടത്തുമായിരുന്നു. ഇതിനു മുമ്പാണ് ബാലകൃഷ്ണപിള്ള ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം അക്രമം നടത്തിയത്. സുരേഷിന്റെ തലയ്ക്ക പരിക്കുണ്ട്. സുരേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സഹോദരി ഉമാദേവിക്കും പരിക്കേറ്റു.ചേർത്തല സ്വദേശിയായ ഒരാളാണ് ഇവരെ ഏർപ്പാട് ചെയ്തതെന്ന് പറയുന്നു. സംഭവത്തിനുശേഷം വക്കീലും ഒളിവിലാണ്. സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തു. സുഗ്രീവൻ എന്നവിളിപ്പേര് കൂടിയുള്ള കുഞ്ചൻ രാഗേഷ് പരോളിൽ ഇറങ്ങിയാണ് ക്വട്ടേഷൻ ഗുണ്ടായിസം നടത്തുന്നത്. കസ്റ്റഡിയിലായ ലെനീഷ് കൊലപാതക കേസ് ഉൾപ്പെടെ 16 ക്രിമിനൽകേസുകളിലെ പ്രതിയാണ്. ശ്യാമിന് 11 കേസും ജോസഫ്, ലിബിൻ എന്നിവർ ആറുകേസുകളിലെ പ്രതികളാണ്. ചേർത്തല പോലീസ് സ്‌റ്റേഷൻ ഓഫീസർ പി.ശ്രീകുമാറിന്റെ സംഘത്തിൽ എസ് ഐ ലൈസാദ് മുഹമ്മദ്, എസ് ഐ ചന്ദ്രശേഖരൻനായർ, എസ്‌ഐ ബാബു, എഎസ്‌ഐ സലിംകുമാർ, സിപിഒ രതീഷ്, അജിത്ത്, ട്രീസ എന്നിവരും ഉണ്ടായിരുന്നു.