ആലപ്പുഴ-എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെ മാനേജരും മഹേശൻ ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളയാളുമായ കെ,എൽ അശോകനെ പോലീസ് ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലുള്ള അശോകന്റെ വസതിയിലെത്തിയാണ് മാരാരിക്കുളം പോലീസ് ചോദ്യം ചെയ്തത്. ഇതിന്റെ തുടർച്ചയായി വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യുമെന്ന് മാരാരിക്കുളം പോലിസ് പറഞ്ഞു. അതേസമയം മഹേശൻ 15 കോടിരൂപ അഴിമതി നടത്തിയെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ഇതിനു മറുപടിയുമായി മഹേശന്റെ കുടുംബം രംഗത്തെത്തി. മഹേശൻ ക്രമക്കേട് നടത്തിയെന്നു പറയുന്ന ചേർത്തല യൂണിയന്റെ ചെയർമാർ തുഷാർ വെള്ളാപ്പള്ളിയാണ്. പിന്നെങ്ങനെ മഹേശൻ മാത്രം കുറ്റക്കാരനാകുമെന്ന് ബന്ധുക്കൾ ചോദിച്ചു. പണം എടുക്കുന്നതും ചിലവഴിക്കുന്നതും തുഷാർ വെള്ളാപ്പള്ളി അറിഞ്ഞാണ്. മഹേശനെ ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്താനാണ് ചിലർ ശ്രമിച്ചതെന്നും കുടുംബം പറഞ്ഞു.
ശ്രീനാരായണ സഹോദര ധർമവേദി കണിച്ചുകുളങ്ങര, ചേർത്തല യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളാപ്പള്ളി നടേശന്റെ വസതിയിലേക്ക് മാർച്ച് നടത്തി. മഹേശൻറെ ദുരൂഹമരണത്തിനിടയാക്കിയ സാഹചര്യവും മരണക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന വെള്ളാപ്പള്ളിയുടെ അഴിമതിയും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും വെള്ളാപ്പള്ളി നടേശനും കുടുംബവും എസ്.എൻ.ഡി.പി യുടെ എല്ലാ സ്ഥാനമാനങ്ങളും രാജിവെച്ചൊഴിയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തിയത്. ശ്രീനാരായണ സഹോദര ധർമവേദി വർക്കിംഗ് ചെയർമാൻ അഡ്വ സി.കെ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. അഴിമുഖം ചന്ദ്രബോസ്, സി എസ് നിഷാന്ത്, പ്രതാപൻ വയലാർ, ശിവപ്രസാദ്, സൗത്ത് ഇന്ത്യൻ വിനോദ്, പി ചന്ദ്രമോഹൻ, പി എസ് രാജീവ്, സി എസ് ഋഷി തുടങ്ങിയവർ നേതൃത്വം നല്കി.
എസ് എൻ ഡി പി കണിച്ചുകുളങ്ങര, ചേർത്തല യൂനിയനുകളുടേയും മൈക്രോഫിനാൻസിന്റെയും കണക്കുകൾ യോഗം കൗൺസിലിന്റെ മേൽനോട്ടത്തിൽ പരിശോധിക്കണമെന്ന് ഇരു യൂനിയൻ കൗൺസിലും ശുപാർശ ചെയ്തു. കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയായിരുന്ന മഹേശന്റെ മരണം കണിച്ചുകുളങ്ങര, ചേർത്തല യൂനിയനുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമാണെന്നുള്ള പ്രചരണം നടക്കുന്നതിനാൽ ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനും ദുരൂഹതകൾ മാറ്റുന്നതിനുമാണ് യോഗത്തിന്റെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഇരു യൂനിയൻ കൗൺസിലും ശുപാർശ ചെയ്തത്. ഇതിനിടെ കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി ഇൻ ചാർജായി യോഗം കൗൺസിലർ പി.എസ്.എൻ ബാബുവിനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു.