ദമാം- ഉപയോക്താക്കൾക്ക് എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ട് അൽകോബാർ ബലദിയ ഫാസ്റ്റ് ട്രാക്ക് സേവന പദ്ധതി ആരംഭിച്ചു. ബലദിയ ആസ്ഥാനം സന്ദർശിക്കാതെയും മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് നേടാതെയും ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽകോബാർ ബലദിയ മേധാവി എൻജിനീയർ സുൽത്താൻ അൽസായിദി പറഞ്ഞു. ഉപയോക്താക്കളുടെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും ഏറ്റവും മികച്ച സേവനങ്ങൾ നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഫാസ്റ്റ് ട്രാക്ക് സേവന കൗണ്ടറുകളിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾ വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങേണ്ടതില്ല. മുൻകരുതൽ, പ്രതിരോധ നടപടികളെല്ലാം പാലിച്ചാണ് ഇവിടെ ഉപയോക്താക്കളെ സ്വീകരിക്കുന്നത്. അൽകോബാർ നഗരസഭക്കു കീഴിലെ സേവന വിഭാഗം ആസ്ഥാനത്തിനു സമാന്തരമായ പാർക്കിംഗിലാണ് എല്ലാവിധ ഉപകരണങ്ങളോടെയും സജ്ജീകരണങ്ങളോടെയും ഫാസ്റ്റ് ട്രാക്ക് സേവന കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്.
കൊമേഴ്‌സ്യൽ ലൈസൻസ്, ശുചീകരണ വിഭാഗം, ആരോഗ്യ നിരീക്ഷണം, പൊതുനിരീക്ഷണം എന്നീ നാലു വിഭാഗങ്ങൾക്കു കീഴിലെ കൗണ്ടറുകളാണ് ഇവിടെയുള്ളത്. ഓരോ വിഭാഗത്തിനും ഓരോ കൗണ്ടറുകൾ വീതമാണ് നീക്കിവെച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെ ഇവിടെ ഉപയോക്താക്കളെ സ്വീകരിക്കും. ഉപയോക്താക്കളുടെ ഏതു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ മിനിറ്റുകൾ മാത്രമേ എടുക്കുകയുള്ളൂവെന്നും അൽകോബാർ നഗസസഭാ മേധാവി എൻജിനീയർ സുൽത്താൻ അൽസായിദി പറഞ്ഞു.