തിരുവനന്തപുരം- നിയമസഭാ ജീവനക്കാരന്‍ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കാല് കഴുകിയത് വിവാദമായി. ഗാന്ധി ജയന്തിയുടെ ഭാഗമായി മന്ത്രി നിയമസഭാ മന്ദിരത്തിനു മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനക്കെത്തിയതായിരുന്നു മന്ത്രി.
പുഷ്പാര്‍ച്ചനക്കുശേഷം തിരിച്ചിറങ്ങിയപ്പോഴാണ് സമുച്ചയത്തിലെ ഗാര്‍ഡനില്‍ താല്‍കാലികമായി ജോലി എടുക്കുന്ന ജീവനക്കാരനോട് മന്ത്രിയുടെ കാല് കഴുകാന്‍ ആവശ്യപ്പെട്ടത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷാണ് മന്ത്രിയുടെ കാലു കഴുകാന്‍ നിര്‍ദേശിച്ചതെന്ന് പറയുന്നു. പ്രതിമയില്‍ കയറുന്നതിനുമുമ്പും മണ്ഡപത്തിന് ചുറ്റും ജീവക്കാരനെ കൊണ്ട് വെള്ളമൊഴിപ്പിച്ചിരുന്നു. ചൂടു കാരണം മണ്ഡപത്തില്‍ ചവിട്ടാന്‍ കഴിയുന്നില്ലെന്ന പേരിലായിരുന്നു നിര്‍ദേശം.
നേരത്തെ എന്‍.ശക്തന്‍ സ്പീക്കറായിരിക്കെ തന്റെ ചെരിപ്പ് പേഴ്‌സനല്‍ സ്റ്റാഫിനെകൊണ്ട് അഴിപ്പിച്ചത് വിവാദമായിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തനിക്ക് അപൂര്‍വമായ അസുഖമുള്ളതിനാല്‍ കുനിയാന്‍ കഴിയാത്തതിനാലാണ് പരസഹായം തേടിയെന്നതെന്നായിരുന്നു ന്യായീകരണം.