ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിഞ്ഞു; മൂന്നു വര്‍ഷത്തെ ഏറ്റവും മോശം നിലയിലെന്ന് പഠനം

തിരുവനന്തപുരം- ഇന്ത്യയില്‍ വിവിധ മേഖലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിഞ്ഞതായി തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലെപ്മന്റ് സ്റ്റഡീസ് പഠനം. 2013-14 സാമ്പത്തികവര്‍ത്തിനും 2014-15 വര്‍ഷത്തിനുമിടയിലാണ് ഒരു പക്ഷേ സ്വാന്ത്ര്യത്തിനു ശേഷം തൊഴിലവസരങ്ങളിലുണ്ടായ ഏറ്റവും വലിയ ഇടിവുണ്ടായതെന്ന് ഇക്കണൊമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സുപ്രധാന തൊഴില്‍ മേഖലകളായ നിര്‍മ്മാണം, ഉല്‍പ്പാദനം, ഐടി സേവനം എന്നീ രംഗങ്ങളിലാണ് ഏറ്റവും വലിയ ഇടിവുണ്ടായതെന്നും പഠനം പറയുന്നു. നിര്‍മ്മാണ രംഗം അസംഘടിത മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ്.

 

സുപ്രധാന തൊഴില്‍ വിപണി സര്‍വേകളായ ലേബര്‍ ബ്യൂറോയുടെ എംപ്ലോയ്‌മെന്റ് സര്‍വെ, അണ്‍എംപ്ലോയ്‌മെന്റ് സര്‍വേ, കോര്‍ട്ടേര്‍ലി ക്വിക്ക് എംപ്ലേയ്‌മെന്റ് സര്‍വേകള്‍ എന്നീ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗവേഷകനായ വിനോജ് അബ്രഹാം പഠനം നടത്തിയത്. സമീപ കാലയളവില്‍ അസംഘടിത മേഖലയില്‍ തൊഴിലവസരങ്ങളില്‍ വന്‍ ഇടിവാണുണ്ടായതെന്നും സംഘടിത മേഖലയില്‍ തൊഴിലവസരങ്ങളുടെ വളര്‍ച്ചാ നിരക്ക് മുരടിച്ചു പോയെന്നും ഈ സര്‍വേ റിപ്പോര്‍ട്ടുകളിലെ കണക്കുകള്‍ നിരത്തി പഠനം പറയുന്നു.

 

ലേബര്‍ ബ്യൂറോയുടെ എംപ്ലോയ്‌മെന്റ് അണ്‍എംപ്ലോയ്‌മെന്റ് സര്‍വേകള്‍ പറുന്നത് രാജ്യത്തെ തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും 0.4 ശതമാനത്തോളം ചുരുങ്ങി വന്നു എന്നാണ്. അതായത് 37.4 ലക്ഷം പേര്‍ തൊഴില്‍രഹിരതായി തുടരുന്നുവെന്ന്. തൊഴിലവസരങ്ങള്‍ സൃഷ്്ടിക്കുന്നതിലും ഇന്ത്യ വളരെ താഴെ പോയതായി ഈ പഠനം ചൂണ്ടിക്കാട്ടുന്നു. 2011 ഒക്ടോബര്‍ പാദത്തിനു ശേഷമുള്ള ഒരു പാദത്തിലും രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വര്‍ഷം തോറും 1.2 കോടി ഇന്ത്യക്കാര്‍ തൊഴില്‍രംഗത്തെത്തുന്നുണ്ട്. 2014നും 2016-നുമിടയിലെ 12 പാദങ്ങളില്‍ മൂന്നിലും തൊഴിലവസരങ്ങളുടെ ഇടിവ് മൂലം സ്ഥിതി വളരെ മോശമായിരുന്നു.

 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ വളരെ മോശം നിലയിലേക്ക് കൂപ്പുകൂത്തി. 2010 മാര്‍ച്ചിനും 2012 മാര്‍ച്ചിനുമിടയിലെ രണ്ടു വര്‍ഷത്തില്‍ തെരഞ്ഞെടുത്ത മേഖലകളില്‍ 18.15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ 2014 വരെയുള്ള തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ വെറും 6.2 ലക്ഷം തൊഴിലവസരങ്ങളെ സൃഷ്ടിക്കാനായുള്ളൂ. തുടര്‍ന്നുള്ള 2015 ഡിസംബര്‍ വരെയുള്ള 19 മാസങ്ങള്‍ക്കിടെ തൊഴിലവസര സൃഷ്ടിപ്പ് 5.92 ലക്ഷമായി വീണ്ടും ഇടിഞ്ഞതായും പഠനം വ്യക്തമാക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ തൊഴില്‍സൃഷ്ടിപ്പ് ഇത്രത്തോളം താഴ്ന്ന നിരക്കിലേക്ക് പോയത് ഇതാദ്യമായാണെന്ന് പഠനം സൂചിപ്പിക്കുന്നു. 

 

തൊഴിവസര വളര്‍ച്ച എല്ലാ മേഖലകളിലും മുരടിച്ച ഇന്ത്യയിലെ തൊഴില്‍ വപണി പ്രതിസന്ധിയിലാണ്. 2014 മധ്യത്തോടെയാണ് സ്ഥിതിഗതികള്‍ മോശമായത്. ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളി വര്‍ഗമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും അനുഭിവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

Latest News