മതാഫില്‍ രക്തം: സമൂഹ മാധ്യമങ്ങളിലെ വാര്‍ത്ത സുരക്ഷ വിഭാഗം നിഷേധിച്ചു (വിഡിയോ)

മക്ക - മതാഫില്‍ ഹജറുല്‍ അസ്‌വദിന് സമീപം രക്തമൊഴുകുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത മസ്ജിദുല്‍ ഹറാം സുരക്ഷ വിഭാഗം നിഷേധിച്ചു.
ഹജറുല്‍ അസ്‌വദിന് സമീപം രക്തം കെട്ടി നില്‍ക്കുന്ന ഭാഗത്ത് ആളുകള്‍ കൂടിനില്‍ക്കുന്നതും സ്വദേശികളായ ഏതാനും പേര്‍ അവരെ നിയന്ത്രിക്കുന്നതുമായ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
'കഅബയുടെ അടുത്ത് ഭൂമിയില്‍നിന്ന് ചോര വരുന്നു. അല്‍പ്പം മുമ്പാണ് ഇത് കാണപ്പെട്ടത്. അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ എന്താണെന്ന് അല്ലാഹുവിനെ അറിയൂ. മനുഷ്യര്‍ ഒന്നും മനസ്സിലാകാത്ത പരാജിതര്‍.'' എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ കാണപ്പെട്ടത്.
എന്നാല്‍ ഇതു പുതിയ ചിത്രമല്ലെന്നും അമ്പത് വയസ്സ് പ്രായമുള്ള ഒരു ആഫ്രിക്കന്‍ പൗരനായ ഹാജി തെന്നിവീണ് കാലിന് പരിക്കേറ്റതാണെന്നും അദ്ദേഹത്തെ ഉടന്‍ അജ്‌യാദ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും സുരക്ഷ വിഭാഗം വക്താവ് മേജര്‍ സാമിഹ് അല്‍സലമി അറിയിച്ചു.

 

Latest News