സന്ദര്‍ശകവിസയിലെത്തി, 112,000 ദിര്‍ഹം ആശുപത്രി ബില്‍; ഇന്ത്യക്കാരി കാരുണ്യം തേടുന്നു

ദുബായ്- സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തിയതിന് ശേഷം അസുഖബാധിതയായി ചികിത്സതേടിയ ഇന്ത്യക്കാരി ഭീമമായ ആശുപത്രി ബില്‍ അടക്കാന്‍ സുമനസ്സുകളെ തേടുന്നു. പശ്ചിമബംഗാള്‍ സ്വദേശിനി സുതാപ പത്രയാണ് ഈ ഹതഭാഗ്യ. വന്‍കുടല്‍വീക്കം, പാന്‍ക്രിയാറ്റിസ്, സെപ്സിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സ തേടിയതിനെ തുടര്‍ന്നാണ് 112,000 ദിര്‍ഹം ആശുപത്രി ബില്‍ വന്നത്.

കരാമയില്‍ താമസിക്കുന്ന 27കാരിയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത പ്രമേഹ രോഗിയായ പത്രയെ ഷുഗര്‍ നന്നേ കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തപ്പോഴേക്ക് ഇത്രയും ഭീമമായ ബില്ലായെന്നും പത്ര പറഞ്ഞു.
തന്നെ ശുശ്രൂഷിച്ച ചില പരോപകാരികള്‍ നല്‍കിയ ചെക്ക് ഗ്യാരണ്ടി നല്‍കിയായാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതെന്നും ഇവര്‍ വിശദമാക്കി.

https://www.malayalamnewsdaily.com/sites/default/files/filefield_paths/p3_sutapa_patra_01.jpg

ആശുപത്രിയില്‍ 112,00 ദിര്‍ഹമാണ് നല്‍കാനുള്ളത്. മൂന്ന് മാസത്തെ സന്ദര്‍ശന വിസയില്‍ 2019 നവംബര്‍ പകുതിയോടെയാണ് താന്‍ യു.എ.ഇയിലെത്തിയതെന്ന പത്ര മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ ഒരു റിക്രൂട്ട്മെന്റ് ഏജന്റ് ഒരു പ്രമുഖ ഹോട്ടലില്‍ ഷെഫ് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഏജന്റ് കബളിപ്പിച്ചതാണെന്ന് യു.എ.ഇയില്‍ വന്നിറങ്ങിയപ്പോഴാണ് മനസ്സിലാകുന്നത്. ഒരു വീട്ടില്‍ ജോലിക്കാരിയായി തന്നെ നിയോഗിച്ച തനിക്ക് മാസങ്ങളായി ശമ്പളമൊന്നും ലഭിച്ചില്ലെന്ന് സുതാപ പത്ര പറഞ്ഞു. ദിവസം ഒരു നേരം മാത്രമാണ് അവര്‍ ഭക്ഷണം നല്‍കിയിരുന്നത്. ഒടുവില്‍ ഗത്യന്തരമില്ലാതെ ആ വീട് വിട്ടിറങ്ങേണ്ടിവന്നു. വീട്ടിലെ സ്ഥിതി അനുദിനം മോശമായികൊണ്ടിരിക്കുന്നതിനാല്‍ ഇതല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ പാസ്‌പോര്‍ട്ട് പോലും നഷ്ടമായി. എന്നാലും ഏതാനും ചില നല്ല കുടുംബങ്ങളാണ് ഇപ്പോള്‍ തന്നെ സംരക്ഷിക്കുന്നതെന്ന് പത്ര പറഞ്ഞു. യു.എ.ഇ മനോഹരമായ രാജ്യമാണ്. ബംഗ്ലാദേശ്, നേപ്പാള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചില ആളുകളാണ് തന്നെ പരിപാലിക്കുന്നത്. അവര്‍ അക്ഷരാര്‍ഥത്തില്‍ തന്നെ വിസ്മയിപ്പിക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പത്രയെ സഹായിക്കുന്ന കുടുംബത്തിലൊരാള്‍ അവര്‍ക്ക് വേണ്ടി ജോലി കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും കോവിഡ് 19 പശ്ചാത്തലത്തില്‍ വര്‍ക്ക് പെര്‍മിറ്റാനായുള്ള അപേക്ഷ നിരസിക്കപ്പെട്ടു. ഫെബ്രുവരിയോടെ വിസാ കലാവധിയും അവസാനിച്ചു. എത്രയും പെട്ടെന്ന് ആശുപത്രി ബില്‍ തീര്‍പ്പാക്കി ഇന്ത്യയിലേക്ക് മടങ്ങണമെന്നാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് ഈ നിര്‍ധന യുവതി പറയുന്നു.

 

Latest News