ന്യൂദല്‍ഹി- ചൈനീസ് നിര്‍മിതമായ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെ വിശദീകരണവുമായി നിരോധ പട്ടികയില്‍ ഉള്‍പ്പെട്ട ടിക് ടോക്. ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് കീഴിലുള്ള വിവര സുരക്ഷാ നിയമപ്രകാരമാണ് ടിക് ടോക് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ഒരു വിദേശ സര്‍ക്കാരിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്നും ടിക് ടോക് പ്രതികരിച്ചു.
വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിക്ക് മുന്നിലെത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമാനുസൃതമായ വിവര സംരക്ഷണവും സ്വകാര്യതയും ഉറപ്പു വരുത്താന്‍ ടിക് ടോക് ഇന്ത്യ ബാധ്യസ്ഥരാണ്. ഉപയോക്താക്കളുടെ സ്വകാര്യതക്കും അന്തസിനുമാണ് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്നും ടിക് ടോക് ഇന്ത്യയുടെ മേധാവി നിഖില്‍ ഗാന്ധി പ്രസ്താവനയില്‍ അറിയിച്ചു.